പറപ്പൂർ: ഐ യു ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികൾ തയ്യാറാക്കിയ വിവിധ ഉൽപന്നങ്ങൾ പുറത്തിറക്കി. കോട്ടക്കൽ ആട്ടീരിയിൽ ലീസിന് എടുത്ത നാലര ഏക്കർ പാടത്ത് ജൈവ രീതിയിൽ വിളയിച്ചെടുത്ത പത്ത് sൺ നെല്ലിൽ നിന്നുള്ള അരി ഉപയോഗിച്ച് ഉണ്ടാക്കിയ തവിടോടുകൂടിയ അരി, അവിൽ, അപ്പം പൊടി, പുട്ടുപൊടി എന്നിവയാണ് ഐ യു ഹാപ്പി പ്രോഡക്റ്റ്സ് എന്ന പേരിൽ വിപണിയിൽ ഇറക്കിയത്. മലപ്പുറം ജില്ലാ അസിസ്റ്റന്റ് കലക്ടർ സുമിത് കുമാർ താക്കൂർ ഐഎഎസ് വിപണനോദ്ഘാടനം നിർവ്വഹിച്ചു. മാനേജർ ടി.മൊയ്തീൻ കുട്ടി അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ മലപ്പുറം ഡിഡിഇ രമേശ് കുമാർ മുഖ്യാതിഥിയായിരുന്നു. എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫീസർ, എം.ഡി മഹേഷ്, പ്രിൻസിപ്പാൾ ടി.അബ്ദുറഷീദ്, പ്രധാനാധ്യാപകൻ എ മമ്മു, കമ്മറ്റി അസി.സെക്രട്ടറി വി.മുബാറക്, പി.ടി എ പ്രസിഡൻറ് സി.ടി.സലീം, എസ്.എം.സി ചെയർമാൻ ഹംസ തോപ്പിൽ, ടി മുഹമ്മദ് കുട്ടി എന്നിവർ പ്രസംഗിച്ചു.
ഒരു സ്കൂളിലെ കുട്ടികൾ കീടനാശികൾ ചേർക്കാതെ ജൈവ രീതിയിൽ കൃഷിചെയ്ത് സ്വന്തം ബ്രാൻഡിൽ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളായി വിപണനം നടത്തുന്നത് കേരളത്തിലെ മറ്റു സ്കൂളുകൾക്ക് മാതൃകയാക്കാവുന്നതാണെന്ന് കലക്ടറും ഡിഡിഇയും പറഞ്ഞു.
കഴിഞ്ഞ 20 വർഷമായി തുടർച്ചയായി സ്കൂളിൽ പ്രസിദ്ധീകരിക്കുന്ന"തനിമ" മാസികയുടെ വാർഷികപ്പതിപ്പ് ഡിഡിഇ രമേഷ് കുമാർ സ്കൂളിലെ എഴുത്തുകാരി സലൂമിയക്ക് നൽകി പ്രകാശനം ചെയ്തു.
എൻ എം എം എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു. നെൽകൃഷിക്ക് നേതൃത്വം നൽകിയ പിടിഎ പ്രസിഡന്റ് സി ടി സലിം, വീരഭദ്രൻ, താഹിറ എന്നിവരെ ചടങ്ങിൽ വച്ച് ആദരിച്ചു.