വേങ്ങര: കണ്ണമംഗലം ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘തെരുവോരം കേരള’ ഒന്നേകാൽ കോടി രൂപ ചെലവിട്ട് കണ്ണമംഗലം വട്ടപ്പൊന്തയിൽ നിർമാണം പൂർത്തിയാക്കിയ ‘സ്നേഹാലയം’ അഭയമന്ദിരം ശനിയാഴ്ച രാവിലെ പത്തിന് ജില്ലാകളക്ടർ വി.ആർ. വിനോദ് ഉദ്ഘാടനംചെയ്യുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
തിലാൽ ഗ്രൂപ്പ് എം.ഡി. ചൊക്ലി അബ്ദുൾ സലാമാണ് സൗജന്യമായി അദ്ദേഹത്തിന്റ 22 സെന്റ് സ്ഥലത്ത് 42,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം നിർമിച്ചുനൽകിയത്. മാപ്പിളപ്പാട്ട് ഗായകൻ ഫിറോസ് ബാബു, മെക് സെവൻ ഫൗണ്ടർ സേലാഹുദ്ദീൻ, മാപ്‌സ് പ്രസിഡന്റ് കെ.എം. അബ്ദു എന്നിവർക്കുള്ള സ്നേഹമിത്ര അവാർഡുകളും ചടങ്ങിൽ വിതരണംചെയ്യും. 11.30-ന് നടക്കുന്ന സാന്ത്വനസംഗമം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനംചെയ്യും.
വൈകുന്നേരം മൂന്നിന് സാംസ്കാരികസദസ്സ് പിന്നണി ഗായകൻ ഫിറോസ് ബാബു ഉദ്ഘാടനംചെയ്യുമെന്നും സംഘാടകർ അറിയിച്ചു.
ഭാരവാഹികളായ ബാവ കുമ്മനാരി, ടി.പി. ശശികുമാർ, കെ.പി. സുധീർ, പി.ഇ. ഷബീറലി, ചൊക്ലി അബൂബക്കർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.