വേങ്ങര: നോമ്പുകാരായ ദീർഘദൂര യാത്രക്കാർക്ക് എസ് വൈ എസ് വേങ്ങര സോൺ കമ്മിറ്റി ഒരുക്കിയ ഇഫ്താർ ഖൈമ ആശ്വാസമാകുന്നു. കോഴിക്കോട് - തൃശ്ശൂർ ദേശീയപാതയിൽ കൂരിയാടാണ് രണ്ടാം വർഷവും ഇഫ്താർ ഖൈമ സ്ഥാപിച്ച് നോമ്പു തുറ വിഭവങ്ങൾ വിതരണം ചെയ്യുന്നത്.
റമസാനിലെ മുഴുവൻ ദിവസവും നോമ്പു തുറക്കാനുള്ള സൗകര്യം യാത്രക്കാർക്ക് ലഭ്യമാകും. വൈകുന്നേരം ആറുമണി മുതൽ നോമ്പ് തുറ വരെയുള്ള സമയത്താണ് ഈത്തപ്പഴം, കുടിവെള്ളം, പഴങ്ങൾ എന്നിവ അടങ്ങിയ കിറ്റുകൾ നൽകുന്നത്. സോൺ സാമൂഹികം ഡയറക്ടറേറ്റിന് കീഴിലാണ് ഇഫ്താർ ഖൈമയുടെ പ്രവർത്തനം.
വേങ്ങര സോണിലെ 9 സർക്കിളുകളിൽ നിന്നാണ് ഓരോ ദിവസങ്ങളിലും ആവശ്യമായ കിറ്റ് എത്തിക്കുന്നത്. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി സഫീർ ബാബു ഇഫ്താർ ഖൈമയുടെ ഉദ്ഘാടനം നിർവഹിച്ചു. സോൺ ഭാരവാഹികളായ സയ്യിദ് അലവി അൽ ബുഖാരി, കെ ഹസൻ സഖാഫി, യൂസുഫ് ചിനക്കൽ, ഷഫീഖ് കൂരിയാട്, അയ്യൂബ് പാണ്ടികശാല, നൗഫൽ കൂരിയാട്, സലീം കൂരിയാട്, ഷഹബാസ് മണ്ണിൽപിലാക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.