മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി യോഗം ശനിയാഴ്ച കോഴിക്കോട്ട് നടക്കും. സംസ്ഥാനത്തെ ലോക്സഭ തെരഞ്ഞെടുപ്പ് അവലോകനമാണ് പ്രധാന അജണ്ട. തെരഞ്ഞെടുപ്പിൽ സമസ്തയിലെ ഒരുവിഭാഗം, ലീഗ് സ്ഥാനാർഥികൾക്കെതിരെ പ്രവർത്തിച്ചത് സംബന്ധിച്ച കാര്യങ്ങൾ യോഗം ചർച്ച ചെയ്യുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രാദേശികതലങ്ങളിൽ സമസ്തയിലെ ലീഗ് വിരുദ്ധരും അനുകൂലികളും തമ്മിൽ പോര് രൂക്ഷമായിട്ടുണ്ട്.
ഓൺലൈൻ തട്ടിപ്പ് കേസിൽ കാസർകോട് സ്വദേശിനി പിടിയിൽ
ഇത് നിയന്ത്രിച്ചില്ലെങ്കിൽ ഭാവിയിൽ ദോഷം ചെയ്യുമെന്ന് പാർട്ടി വിലയിരുത്തുന്നു. അതേസമയം, സമസ്തയിലെ ലീഗ് വിരുദ്ധരെ കൂടെനിർത്താൻ സി.പി.എം തെരഞ്ഞെടുപ്പിന് ശേഷവും ശ്രദ്ധിക്കുന്നുണ്ട്. വരാനിരിക്കുന്ന പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഇവരെ ഉപയോഗപ്പെടുത്താനാവുമെന്നാണ് സി.പി.എം കണക്കുകൂട്ടൽ.
സമസ്തയിലെ ചെറിയൊരു വിഭാഗമാണ് ലീഗ് വിരുദ്ധ നിലപാട് സ്വീകരിക്കുന്നതെന്ന് പാർട്ടിവൃത്തങ്ങൾ പറയുന്നു. ഇവരെ അവഗണിക്കണമെന്ന നിലപാടുള്ളവരും പാർട്ടിയിലുണ്ട്. എന്നാൽ, ഭിന്നതയുണ്ടാക്കുന്നവർക്കെതിരെ കർശന നിലപാട് വേണമെന്നാണ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളുടെ നിലപാട്.
പാർട്ടിക്ക് ദോഷമാവുമോ ഇല്ലേ എന്നതെല്ലാം രണ്ടാമത്തെ പരിഗണനയാണെന്ന് തങ്ങളുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. സമുദായത്തിനകത്ത് ഭിന്നതയുണ്ടാക്കുന്നവരെ പൊറുപ്പിക്കാനാവില്ലെന്ന കർശന നിലപാടിലാണ് സാദിഖലി തങ്ങൾ. സമസ്തയിലെ ലീഗ് വിരുദ്ധരുടെ സംരംഭങ്ങളോട് സഹകരിക്കേണ്ടതില്ലെന്ന് പാർട്ടി തീരുമാനിച്ചിട്ടുണ്ട്.