ഊട്ടി സഞ്ചാരികൾക്ക് ഇ-പാസ് കേരളത്തിനടക്കം തിരിച്ചടിയാകും

നിലമ്പൂർ: ഊട്ടിയിലേക്കുള്ള സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കാൻ ഇ-പാസ് ഏർപ്പെടുത്താനുള്ള ഹൈക്കോടതി ഉത്തരവ് കേരളത്തിൽനിന്നടക്കമുള്ള വിനോദസഞ്ചാരികൾക്ക് തിരിച്ചടിയാകും.

ഊട്ടി, കൊടൈക്കനാൽ തുടങ്ങിയ പ്രധാന മേഖലയിൽ സഞ്ചാരികളുടെ തിരക്കുകാരണം നാട്ടുകാരുടെ സ്വൈരജീവിതം തടസ്സപ്പെടുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നൽകിയ പൊതുതാത്പര്യ ഹർജിയാണ് ചെന്നൈ ഹൈക്കോടതി പരിഗണിച്ചത്. നീലഗിരി, ഡിണ്ടിഗൽ ജില്ലാ കളക്ടർമാർക്കാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യാൻ കോടതി നിർദേശം നൽകിയത്.

മേയ് ഏഴുമുതൽ ജൂൺ 30 വരെയാണ് സഞ്ചാരികളെ ഇ-പാസ് വഴി നിയന്ത്രിക്കുക. ഊട്ടിയിൽ പ്രതിദിനം രണ്ടായിരം വാഹനങ്ങൾ വന്നിരുന്ന സ്ഥാനത്ത് നിലവിൽ 20,000 വാഹനങ്ങളാണ് ദിവസവും എത്തുന്നതെന്നാണ് കണക്ക്. ഇത് ഊട്ടിയുടെ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. ഇതുസംബന്ധിച്ച് പഠനം നടത്താൻ ബെംഗളൂരു ഐ.ഐ.എം., ചെന്നൈ ഐ.ഐ.ടി. എന്നിവയെ ചുമതലപ്പെടുത്താനും സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ട്.

കൊച്ചി മുതൽ മലബാർ മേഖലയിൽനിന്നുള്ളവരടക്കം ആയിരങ്ങളാണ് ഓരോ സീസണിലും ഊട്ടിയിലെത്തുന്നത്. ഇതിനായി നേരത്തേ മുതൽതന്നെ ടൂർ പാക്കേജുകൾ ടൂർ ഓപ്പറേറ്റർമാരുമായി ആലോചിച്ച് ഉറപ്പിച്ചിട്ടുണ്ടാകും. വാഹനങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ഹോട്ടലുകളും ബുക്ക് ചെയ്തിട്ടുമുണ്ടാകും. സീസൺ അടുത്തിരിക്കെ ഇത്തരത്തിലൊരു നിയന്ത്രണം ഏർപ്പെടുത്തുന്നത് ടൂർ ഓപ്പറേറ്റർമാരുടെ ബിസിനസിനെ കാര്യമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഊട്ടിക്കാർക്ക് സമ്മതം
നിയന്ത്രണം വരുന്നതിനെ ഊട്ടിയിലെ വ്യാപാരികളടക്കമുള്ളവർ പൊതുവെ സ്വാഗതം ചെയ്യുകയാണ്. അമിതമായ തിരക്ക് അൽപ്പമൊന്നു കുറയ്ക്കാനും വ്യാപാരം സുഗമമാക്കാനും നിയന്ത്രണം സഹായിക്കുമെന്ന് ബൊട്ടാണിക്കൽ ഗാർഡനു സമീപം തെരുവിൽ കച്ചവടംചെയ്യുന്ന കോയമ്പത്തൂർ സ്വദേശി മുരുഗൻ പറഞ്ഞു.

കഴിഞ്ഞ 20 വർഷമായി മുരുഗൻ ഊട്ടിയിൽ വ്യാപാരിയാണ്. താരതമ്യേന ചൂട്‌ കൂടുതലായിട്ടും ഈ വർഷം ഇപ്പോൾത്തന്നെ നല്ല തിരക്കാണനുഭവപ്പെടുന്നതെന്നും മുരുഗൻ പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}