സംസ്ഥാന ഹജ്ജ് ക്യാമ്പ്: കരിപ്പൂരിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്

കൊണ്ടോട്ടി: കേരളത്തിൽനിന്ന് ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിന് തുടക്കംകുറിക്കാൻ ദിവസങ്ങൾമാത്രം ബാക്കിനിൽക്കേ തീർഥാടകരെ വരവേൽക്കാൻ കരിപ്പൂരിൽ തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിൽ. 20-ന് രാവിലെ പത്തിന് ഹജ്ജ് ക്യാമ്പ് തുടങ്ങും. നാലരയ്ക്കാണ് ഉദ്ഘാടനം.

ഹാജിമാരെ സ്വീകരിച്ച് യാത്രയാക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് ക്യാമ്പിൽ ഒരുക്കുന്നത്. ഹജ്ജ് ഹൗസിന്റെ മുറ്റത്ത് പന്തൽ ഉൾപ്പെടെയുള്ള സൗകര്യങ്ങളുടെ ജോലി അവസാനഘട്ടത്തിലാണ്. ഹാജിമാരെ സ്വീകരിക്കുന്നതിന് ഹജ്ജ് ഹൗസിന്റെ പ്രധാന കെട്ടിടവും കഴിഞ്ഞവർഷം ഉദ്ഘാടനംചെയ്ത വനിതാബ്ലോക്കും പ്രവർത്തനസജ്ജമായി.

എമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കാൻ കൂടുതൽ കൗണ്ടറുകൾ ഒരുക്കും. ഹാജിമാർ നേരിട്ട് വിമാനത്താവളത്തിലെത്തി എയർ ഇന്ത്യ എക്സ്പ്രസ് കൗണ്ടറിൽ ലഗേജ് കൈമാറിയശേഷമാണ് ഹജ്ജ് ക്യാമ്പിലേക്ക് എത്തേണ്ടത്.

21-ന് പുലർച്ചെ 12.05-ന് ആദ്യ ഹജ്ജ് വിമാനം കരിപ്പൂരിൽനിന്ന് പുറപ്പെടും. എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐ.എക്സ്.-3011 നമ്പർ വിമാനത്തിൽ 166 തീർഥാടകരാണ് ആദ്യം ജിദ്ദയിലേക്ക് പുറപ്പെടുക. രാവിലെ എട്ടിനും വൈകീട്ട് മൂന്നിനും രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങൾ യാത്രതിരിക്കും.

ആദ്യവിമാനം പുലർച്ചെ 3.50-ന് ജിദ്ദയിലെത്തും. 26-നാണ് കൊച്ചിയിൽനിന്നുള്ള ആദ്യ ഹജ്ജ് വിമാനം. ജൂൺ ഒന്നിന് കണ്ണൂരിൽനിന്ന് യാത്ര തുടങ്ങും.

കരിപ്പൂരിൽനിന്ന് 10,430, കൊച്ചിയിൽനിന്ന് 4273, കണ്ണൂരിൽനിന്ന് 3135 തീർഥടകർ യാത്രതിരിക്കും.

ബെംഗളൂരൂ, ചെന്നൈ, മുംബൈ കേന്ദ്രങ്ങളിൽനിന്നായി 45 തീർഥാടകർ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന യാത്രതിരിക്കുന്നുണ്ട്.

ജൂലായ് ഒന്നിന് മദീനയിൽനിന്നാണ് ഹാജിമാരുടെ മടക്കയാത്ര ആരംഭിക്കുന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}