മലപ്പുറം: 55-ന്റെ ചെറുപ്പത്തിലാണ് മലപ്പുറം. ജില്ലാ രൂപവത്കരണത്തിനു ഞായറാഴ്ച 55 വയസ്സായി. 1969-ൽ ഇ.എം.എസിന്റെ നേതൃത്വത്തിൽ അധികാരത്തിൽവന്ന സപ്തകക്ഷി സർക്കാരാണ് ജില്ലാ രൂപവത്കരണത്തിനു പിന്നിൽ. 1969 ജൂൺ 16-ന് ഇ.എം.എസ്. സർക്കാർ മലപ്പുറം ജില്ല പ്രഖ്യാപിച്ചു. മലപ്പുറം, പെരിന്തൽമണ്ണ റോഡിൽ എം.എസ്.പി. കാന്റീനിന്റെ മുൻവശത്ത് മുൻപ് സബ് കളക്ടറുടെ ഓഫീസായി സ്ഥിതിചെയ്തിരുന്ന ചെറിയ കെട്ടിടത്തിലാണ് കളക്ടറേറ്റ് പ്രവർത്തിക്കാൻ തീരുമാനിച്ചത്.
ആ കെട്ടിടത്തിന്റെ അങ്കണത്തിലുള്ള കൊടിമരത്തിൽ കളക്ടറായി നിയമിതനായ കെ. ഭാസ്‌കരൻ നായർ രാവിലെ 9.30-ന് മൂവർണക്കൊടി ഉയർത്തി.
കോഴിക്കോടിന്റെയും പാലക്കാടിന്റെയും ഭൂപ്രദേശങ്ങൾ വേർതിരിച്ചെടുത്ത് മലപ്പുറം പിറവിയെടുത്തപ്പോൾ സ്വന്തമായി ഒന്നുമുണ്ടായിരുന്നില്ല. പിന്നീടങ്ങോട്ട് ഒട്ടേറെ മേഖലകളിൽ പുരോഗതിയുടെ പടവുകൾ കയറാനായി. സാക്ഷരതാപ്രസ്ഥാനം, കുടുംബശ്രീ, അക്ഷയ, പാലിയേറ്റീവ് തുടങ്ങിയ പദ്ധതികളിലൂടെ മലപ്പുറം രാജ്യത്ത് അറിയപ്പെടാൻ തുടങ്ങി.
സാമൂഹികസൗഹൃദവും പരസ്പരസ്നേഹവും മതസൗഹാർദവും മലപ്പുറത്തിന്റെ പെരുമകൂട്ടി. കായികമേഖലയിൽ പ്രത്യേകിച്ച് കാൽപ്പന്തുകളിയിൽ ഒരുപിടി മുന്നിലാണ് ഇവിടത്തെ താരങ്ങളുടെ മികവ്.
പഠനത്തിൽ മുൻപിൽ, സീറ്റിൽ പിന്നിൽ
55-ാം പിറന്നാളിലും മലപ്പുറം അറിയപ്പെടുന്നത് പിന്നാക്കജില്ല എന്ന പേരിലാണ്. ആരോഗ്യമേഖലയിൽ സർക്കാർ ആശുപത്രികൾ പേരിനുമാത്രം. മഞ്ചേരിയിലെ സ്വന്തം മെഡിക്കൽ കോളേജ് വർഷങ്ങൾ കഴിഞ്ഞിട്ടും പൂർണതയിലെത്തിക്കാൻ കഴിഞ്ഞിട്ടില്ല. വിദ്യാഭ്യാസമേഖലയിൽ ഉപരിപഠനസീറ്റുകൾ ഇല്ലാത്തതു വെല്ലുവിളിയാണ്. പ്ലസ്‌വൺ സീറ്റുകൾ കുറവെന്നുപറഞ്ഞ് ജില്ലയിലൊട്ടുക്കും 55-ാം വയസ്സിലും പ്രതിഷേധങ്ങളാണ്.
ഇത്തവണ നേരത്തേ അധികസീറ്റ് സർക്കാർ അനുവദിച്ചെങ്കിലും കൂടുതൽ ബാച്ചുകൾ എന്ന സ്ഥിര ആവശ്യം ഇപ്പോഴും മുദ്രാവാക്യങ്ങളിൽ മാത്രമാണ്.
പത്താംക്ലാസിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികൾ വിജയിക്കുന്ന ജില്ലയെന്നും എ പ്ലസ് വാങ്ങുന്ന ജില്ലയെന്നും പെരുമ പറയുമ്പോൾ, കൂടുതൽ കുട്ടികൾ ഉപരിപഠനം ലഭിക്കാതെ പുറത്തുനിൽക്കേണ്ട കുപ്രസിദ്ധിയും ഇവിടെയുണ്ട്. ജനസംഖ്യയിൽ മുൻപിലുള്ള ജില്ലയിൽ ഒരു സർക്കാർ എൻജിനിയറിങ് കോളേജ് ഇല്ലെന്നു കേൾക്കുമ്പോൾ അറിയാം അവഗണനയെന്ന വാക്കിന്റെ അർഥം.
കാഴ്ചകളുടെ കാണാപ്പുറങ്ങൾ
ലോകത്ത് അതിവേഗം വളരുന്ന മേഖലയാണ് ടൂറിസം. വിനോദത്തിനു പ്രാധാന്യംനൽകുന്ന രാജ്യങ്ങൾ കോടികളാണ് കൊയ്യുന്നത്. റബ്ബർതോട്ടം 'കാർഷിക ടൂറിസം' എന്ന പേരിൽ വരുമാനമുണ്ടാക്കുന്നവരുണ്ട് വിദേശങ്ങളിൽ. നമ്മുടെ മലപ്പുറത്തിനുമുണ്ട് ടൂറിസത്തിൽ അനന്തസാധ്യതകൾ.
ടൂറിസ്റ്റ് ഓപ്പറേറ്റർമാരുടെ കുറവാണ് നമുക്കുള്ള വീഴ്ച. വേങ്ങര ലൈവ്.മലയും കായലും കടലും പുഴയും പച്ചപ്പണിഞ്ഞ ജില്ലയിൽ ടൂറിസ്റ്റ് ഓപ്പറേറ്റർമാർ ഉണർന്നാൽ വരുമാനമുയരും.
സെവൻസ് ഫുട്‌ബോളിനു പേരുകേട്ട നാട്ടിൽ അതുപോലും ടൂറിസമാക്കാം. കൂടാതെ തനത് വിഭവങ്ങൾക്കും അറേബ്യൻ രുചികൾക്കും പേരുകേട്ട നാടാണിത്.
പെരിന്തൽമണ്ണ, കോട്ടയ്ക്കൽ, മലപ്പുറം എന്നിവിടങ്ങളിൽ ധാരാളം ഹോട്ടലുകൾ ഉയർന്നു. പൊന്നാനി രുചി ഏറെ പ്രശസ്തം. കേരള സന്ദർശനത്തിനെത്തുന്നവർക്ക് മലപ്പുറത്തെ റസ്‌റ്ററന്റ് മെനു നൽകിയാൽ അവരെല്ലാം രുചിലോകം അറിയാനെത്തുമെന്ന് ഉറപ്പ്.
തീർഥാടനടൂറിസത്തിൽ അനന്തസാധ്യതകളാണ് ജില്ലയിൽ. മമ്പുറം മഖാം, മലപ്പുറം മഅദിൻ, പൊന്നാനി വലിയപള്ളി, കാടാമ്പുഴ ദേവീക്ഷേത്രം, അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന്, വൈരങ്കോട് ഭഗവതീക്ഷേത്രം, ആലത്തിയൂർ ഹനുമാൻ ക്ഷേത്രം തുടങ്ങിയ പുണ്യസ്ഥലങ്ങൾ അനവധി. നിലമ്പൂർ-ആഢ്യൻപാറ-കക്കാടംപൊയിൽ ബെൽറ്റ് കേന്ദ്രീകരിച്ച് കാരവൻ ടൂറിസം കൊണ്ടുവന്നാൽ വിദേശികൾക്കൊപ്പം ആഭ്യന്തര ടൂറിസ്റ്റുകളുമെത്തും.
മലപ്പുറം കോട്ടക്കുന്ന്, നിലമ്പൂർ തേക്ക് മ്യൂസിയം, പടിഞ്ഞാറേക്കര ബീച്ച്, താനൂർ ഒട്ടുംപുറം ബീച്ച്, കുറ്റിപ്പുറം നിളയോരം പാർക്ക്, ആഢ്യൻപാറ വെള്ളച്ചാട്ടം, കേരളാംകുന്ന് വെള്ളച്ചാട്ടം തുടങ്ങിയവയൊക്കെ ഇവിടത്തെ വിഭവങ്ങളാണ്.
ഇതെല്ലാമാണ് മലപ്പുറത്തിന്റെ ഉയർച്ചയും താഴ്ചയും. ഒത്തുപിടിച്ചാൽ മലപ്പുറത്തോളം സാധ്യതകളുള്ള മറ്റൊരു ജില്ലയുണ്ടാകില്ലെന്ന് നമുക്കുപറയാം.