പാക്കടപ്പുറായ ഉപകേന്ദ്രത്തിന്റെ കെട്ടിടം പൊളിച്ച സ്ഥലം
വേങ്ങര: പാക്കടപ്പുറായയിൽ പ്രവർത്തിച്ചിരുന്ന ആരോഗ്യ ഉപകേന്ദ്രത്തിന്റെ കെട്ടിടത്തിന്റെ പണി ഇനിയും ആരംഭിച്ചില്ലെന്ന് പരാതി.
ദേശീയ ആരോഗ്യ മിഷന്റെ 2022, 24 നടപടിക്രമം പ്രകാരം ആരോഗ്യ ഉപകേന്ദ്രത്തിന്റെ നിർമാണത്തിന് 55.5 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായിരുന്നു. നവകേരളസദസ്സിൽ വിവരാവകാശ പ്രവർത്തകൻ എ.പി. അബൂബക്കർ നൽകിയ പരാതിക്ക് ജില്ലാ മെഡിക്കൽ ഓഫീസർ നൽകിയ മറുപടിയിൽ കെട്ടിടനിർമാണത്തിനുള്ള ചുമതല എച്ച്.എൽ.എൽ. ലൈഫ് കെയർ ലിമിറ്റഡ് എന്ന ഏജൻസിക്ക് നൽകിയതായി ചൂണ്ടിക്കാട്ടുന്നു.
പ്രവൃത്തി ടെൻഡർ ചെയ്തതായി സൂചിപ്പിക്കുന്നുവെങ്കിലും ഇതുവരെ പ്രവൃത്തി ആരംഭിച്ചില്ലെന്നാണ് ജനങ്ങളുടെ ആക്ഷേപം. ഏറെക്കാലം ഉപയോഗശൂന്യമായിക്കിടന്ന പാക്കടപ്പുറായ ആരോഗ്യ ഉപകേന്ദ്രം പൊളിച്ചുനീക്കാൻ ഉത്തരവായത് രണ്ടുവർഷം മുമ്പാണ്. ഇന്ത്യാ പോപ്പുലേഷൻ പ്രോജക്ടിന്റെ ഭാഗമായി ആരംഭിച്ച ഉപകേന്ദ്രത്തിന് നാലു പതിറ്റാണ്ടോളം പഴക്കമുണ്ട്. നേരത്തേ ഗർഭിണികൾക്കും കുട്ടികൾക്കും കുത്തിവെപ്പ് ഉൾപ്പെടെയുള്ള പരിചരണം ഇവിടെ ലഭിച്ചിരുന്നു.
കേന്ദ്രത്തിൽ ഒരു ആരോഗ്യപ്രവർത്തകയ്ക്ക് താമസിക്കാനുള്ള സൗകര്യവും ഉണ്ടായിരുന്നു. എന്നാൽ കെട്ടിടത്തിന്റെ കാലപ്പഴക്കം കാരണം ചോർന്നൊലിക്കാനും ചുമരുകൾ പൊട്ടിപ്പൊളിയുവാനും തുടങ്ങിയതോടെ പ്രവർത്തനം താത്‌കാലികമായി നിർത്തിവെക്കുകയായിരുന്നു.