നൂതന സാങ്കേതിക വിദ്യകളെല്ലാം തന്നെ മനുഷ്യന്റെ ജീവിതം ലളിതവും സുഖകരവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ്. കംപ്യൂട്ടറുകള്‍, ക്ലീനിങ് റോബോട്ടുകള്‍, മറ്റ് സ്മാര്‍ട് ഹോം ഉപകരണങ്ങള്‍ എന്നിവയെല്ലാം അതിനൊരു ഉദാഹരണമാണ്. ഓട്ടോമാറ്റിക് ഗേറ്റുകളും അതേ ആവശ്യത്തിന് തന്നെ. റിമോട്ട് ഉപയോഗിച്ച് തുറക്കുന്ന ഗേറ്റുകള്‍ കൈകാര്യം ചെയ്യാന്‍ എളുപ്പമാണ്. വാഹനങ്ങളുപയോഗിക്കുന്നവര്‍ക്ക് അതില്‍ നിന്ന് ഇറങ്ങാതെയും വീട്ടിലുള്ളവര്‍ക്ക് വീട്ടില്‍ നിന്ന് മുറ്റത്തിറങ്ങാതെയും ഗേറ്റ് അടയ്ക്കാനും തുറക്കാനുമാവും.
എന്നാല്‍ എല്ലാ സാങ്കേതിക വിദ്യകളേയും പോലെ തന്നെ ഓട്ടോമാറ്റിക് ഗേറ്റുകളും മനുഷ്യരുടെ കൃത്യമായ മേല്‍നോട്ടത്തിലും ശ്രദ്ധയിലും പ്രവര്‍ത്തിപ്പിക്കേണ്ടവയാണ്. അത് ശരിയായ രീതിയിലാണ് ഘടിപ്പിച്ചിട്ടുള്ളതെന്നും ഉപയോഗിക്കുന്നതെന്നും സംരക്ഷിക്കുന്നതെന്നും ഉറപ്പുവരുത്തേണ്ടതുണ്ട്. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോമാറ്റിക് ഗേറ്റുകളുടെ ചില അപകടങ്ങളാണ് താഴെ പറയുന്നത്.
ഗേറ്റുകള്‍ക്കിടയില്‍ കുടുങ്ങാം, പരിക്കുകള്‍ പറ്റാം, മരണപ്പെടാം- ഓട്ടോമാറ്റിക് ഗേറ്റുകളുടെ ഏറ്റവും വലിയ ഭീഷണികളിലൊന്നാണിത്. ഗേറ്റുകള്‍ അടയ്ക്കുന്ന സമയത്ത് അതിനടുത്ത് കുട്ടികളോ ആളുകളോ മൃഗങ്ങളോ ഒന്നും ഇല്ലെന്ന് ഉറപ്പുവരുത്തണം. കുട്ടികളാണ് ഇത്തരം അപകടത്തില്‍ പെടാനുള്ള സാധ്യത കൂടുതല്‍. അതുകൊണ്ട് റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കുമ്പോഴും ഗേറ്റ് കൃത്യമായി അടയുന്നുണ്ടെന്നും സുരക്ഷിതമാണെന്നും നേരിട്ട് നോക്കി തന്നെ ഉറപ്പുവരുത്തുക.
സാങ്കേതിക പിഴവുകള്‍- റിമോര്‍ട്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഗേറ്റുകളിലും ഓട്ടോമാറ്റിക് ഗേറ്റുകളിലും സാങ്കേതിക പ്രശ്‌നങ്ങളുണ്ടാവാന്‍ സാധ്യതയുണ്ട്. ഗേറ്റിന്റെ പ്രവര്‍ത്തനത്തിന് സഹായിക്കുന്ന മോട്ടോറുകള്‍, പല്‍ ചക്രങ്ങള്‍, സെന്‍സറുകള്‍ എന്നിവയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മൂലം ഗേറ്റ് പ്രവര്‍ത്തിക്കാതെ ആയേക്കാം. ചിലപ്പോള്‍ അത് അപ്രതീക്ഷിതമായി അതിവേഗം വന്നടയുന്നതിനും തുറക്കുന്നതിനും കാരണമായേക്കും. ഈ പ്രശ്‌നങ്ങളും പലവിധ അപകടങ്ങള്‍ക്ക് കാരണമായേക്കാം.
ഇലക്ട്രിക് ഷോക്ക് : വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണമായതിനാവും ഗേറ്റുകള്‍ ലോഹനിര്‍മിതമായതിനാലും വൈദ്യുതി സംവിധാനത്തിലെ പിഴവുമൂലം ഷോക്കേല്‍ക്കാനും തീപ്പിടിത്തമുണ്ടാവാനുമെല്ലാം അത് കാരണമായേക്കും. കാലാവസ്ഥയോ, ഇലക്ട്രിക് സംവിധാനങ്ങളിലെ മറ്റ് പ്രശ്‌നങ്ങളോ അതിന് വഴിവെക്കാം.
സുരക്ഷാ സംവിധാനങ്ങളുടെ അഭാവം- ചില ഗേറ്റുകളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടാവണം എന്നില്ല. അവ കേവലം തുറക്കാനും അടയ്ക്കാനും മാത്രം സാധിക്കുംവ വിധം രൂപകല്‍പന ചെയ്തവയാവാം. എന്തെങ്കിലും തടസം ശ്രദ്ധയില്‍ പെട്ടാല്‍ സെന്‍സറുകളുടെ സഹായത്തോടെ അത് തിരിച്ചറിയുകയും ഓട്ടോ റിവേഴ്‌സ് പ്രവര്‍ത്തിച്ച് ഗേറ്റുകള്‍ തിരികെ പോവുകയും ചെയ്യുന്
തിരികെ പോവുകയും ചെയ്യുന്ന സുരക്ഷാ സംവിധാനങ്ങളുണ്ട്. തടസങ്ങള്‍ തിരിച്ചറിയാന്‍ ആവശ്യമായ അത്രയും സെന്‍സറുകള്‍ ഇതിന് ആവശ്യമാണ്. അവ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.
ഹാക്കിങ്- നൂതന ഐഒട്ടി സംവിധാനങ്ങളുമായി ബന്ധിപ്പിച്ചാണ് ഗേറ്റിന്റെ പ്രവര്‍ത്തനം എങ്കില്‍ അത് ഹാക്ക് ചെയ്യപ്പെടാനും സാധ്യതയുണ്ട്. ഇതുവഴി മറ്റൊരാള്‍ക്ക് ഗേറ്റിന്റെ നിയന്ത്രണം കയ്യടക്കാനാവും.
അറ്റകുറ്റപ്പണിയുടെ അഭാവം- ഓട്ടോമാറ്റിക് ഗേറ്റുകളുടെ പ്രവര്‍ത്തനം നിരന്തരം നിരീക്ഷിക്കേണ്ടതുണ്ട്. ഗേറ്റിന്റെ ഭാഗങ്ങളെല്ലാം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും തകരാറുകളില്ലെന്നും പരിശോധിച്ചുറപ്പിക്കണം. സെന്‍സറുകള്‍ വൃത്തിയാക്കണം. ശരിയായ രീതിയില്‍ പരിശോധനയും അറ്റകുറ്റപ്പണിയും നടത്തിയില്ലെങ്കില്‍ അത് ഉപഭോക്താക്കള്‍ക്ക് ഭീഷണിയായേക്കും
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
നല്ല കമ്പനികളുടെ ഉല്പ്പന്നങ്ങള്‍ മാത്രം വാങ്ങുക.
വിദഗ്ദരായ ആളുകളാണ് ഗേറ്റുകള്‍ സ്ഥാപിക്കുന്നത് എന്ന് ഉറപ്പുവരുത്തുക.
സെന്‍സറുകളും ഓട്ടോ റിവേഴ്‌സ് സംവിധാനങ്ങളും ഉണ്ടെന്ന് ഉറപ്പുവരുത്തുക.
നിരന്തരം ഗേറ്റിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കുക, അറ്റകുറ്റപ്പണികള്‍ നടത്തുക.
വീട്ടിലുള്ളവര്‍ക്കെല്ലാം ഗേറ്റുമായി ബന്ധപ്പെട്ട സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കുക.