വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് സായംപ്രഭാ ഹോമിൽ വയോജനങ്ങൾക്ക് പ്രവേശനോത്സവം സംഘടിപ്പിച്ചു. പുതുതായി സായംപ്രഭാ ഹോമിൽ രജിസ്റ്റർ ചെയ്ത 50 പരം മുതിർന്നപൗരന്മാരെ വരവേൽക്കുന്നതിനു വേണ്ടി വിപുലമായ പരിപാടിയാണ് പഞ്ചായത്ത് ഒരുക്കിയത്.
പഞ്ചായത്ത് അങ്കണത്തിൽ നിന്ന് സായംപ്രഭയിലേക്ക് വർണ്ണാഭമായ ഘോഷയാത്രയോടെ ഭരണസമിതി അംഗങ്ങളും സായംപ്രഭയിലെ നിലവിലെ അംഗങ്ങളും പുതുതായി രജിസ്റ്റർ ചെയ്തവരെ ആനയിച്ച് ഹോമിൽ എത്തിച്ചു. ഘോഷയാത്രക്ക് നിറം പകരുന്നതിനുവേണ്ടി മുതിർന്ന പൗരന്മാരുടെ കോൽക്കളിയും സായംപ്രഭയിൽ സ്വീകരിക്കുന്നതിനുവേണ്ടി ഇൻസ്ട്രുമെന്റ് ഉപയോഗിച്ച് സ്വാഗത ഗാനവും ഉണ്ടായിരുന്നു.
പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ നിർവഹിച്ചു. ക്ഷേമക്കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീം അധ്യക്ഷനായി. പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ കുറുക്കൻ മുഹമ്മദ്, റഫീഖ് മൊയ്‌ദീൻ, സി പി കാദർ, ഉണ്ണികൃഷ്ണൻ എംപി, എ കെ നഫീസ, എൻ ടി മൈമൂന, അസ്യ മുഹമ്മദ്, വ്യാപാരി വ്യവസായി പ്രതിനിധി അസീസ് ഹാജി, പുല്ലൻ പലവൻ ഇഖ്ബാൽ ,ആശിഖ് മർജാൻ ജ്വല്ലറി, ഐ സി ഡി എസ് സൂപ്പർവൈസർ ലുബ്‌ന, കെയർ ഗീവർ ഇബ്രാഹീം തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് മധുര വിതരണവും മുതിർന്ന പൗരന്മാരുടെ സംഗീത വിരുന്നും നടന്നു. കൊളക്കാട്ടിൽ നാസറുട്ടി, കൊല്ലത്തൊടി കുഞ്ഞുട്ടി, ശ്രീകുമാർ, അബ്ദുറഹ്മാൻ എം, വേലായുധൻ തുടങ്ങിയവർ സംഗീത വിരുന്നിന്ന് നേതൃത്വം നൽകി.