പറപ്പൂർ: സ്കൂളുകളിൽ എ പ്ലസ് ജേതാക്കൾക്ക് മെമൻ്റോകൾ നൽകുന്ന പതിവ് രീതിയിൽ നിന്ന് വ്യത്യസ്ഥമായി 5 കിലോ വീതം അരി നൽകി സ്കൂൾ മാതൃകയായി. പറപ്പൂർ ഐ.യു ഹയർ സെക്കണ്ടറി സ്കൂളധികൃതരാണ് പത്താം ക്ലാസ്സിലെ നൂറ്റമ്പതോളം വരുന്ന എ പ്ലസ്സ് ജേതാക്കൾക്ക് മെമൻ്റോക്കൊപ്പം അരിയും നൽകിയത്. കുഴിപ്പുറം പാടത്ത് 5 ഏക്കറിൽ വിദ്യാർത്ഥികൾ ജൈവ രീതിയിൽ ചെയ്ത നൽകൃഷിയിലെ ഉൽപന്നമാണ് കുട്ടികൾക്ക് സൗജന്യമായി നൽകിയത്.തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷക്കിരുത്തി നൂറ് ശതമാനം വിജയം നേടിയ സ്കൂളാണ് പറപ്പൂർ ഐ.യു എച്ച്.എസ്.
അനുമോദന ചടങ്ങ് സിവിൽ സർവ്വീസ് റാങ്ക് ജേതാവ് ഫാത്തിമ ഷിംന പറവത്ത് ഉദ്ഘാടനം ചെയ്തു.മാനേജർ ടി.മൊയ്തീൻ കുട്ടി അധ്യക്ഷത വഹിച്ചു.ഡോ.യഹ് യാ ഖാൻ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ടി.ഇ മരക്കാരുട്ടി ഹാജി, പ്രിൻസിപ്പാൾ സി.അബ്ദുൽ അസീസ്, പ്രധാനാധ്യാപകൻ എ മമ്മു, കമ്മറ്റി ഭാരവാഹികളായ സി.ഹംസ ഹാജി, വി.മുബാറക്ക്, പി.ടി.എ പ്രസിഡൻ്റ് സി.ടി.സലീം, ടി.അബ്ദുറഷീദ്,എസ്.എം.സി ചെയർമാൻ ഹംസ തോപ്പിൽ, എം.ടി.എ പ്രസിഡൻ്റ് പി.സമീറ, ഇ.കെ സുബൈർ, ടി.മുഹമ്മദ് കുട്ടി സുൽഫീക്കറലി, പി.എം അഷ്റഫ് എന്നിവർ പ്രസംഗിച്ചു.