ഊരകം നെല്ലിപ്പറമ്പ് ജി.എം.എൽ.പി സ്കൂളിൽ വിയറ്റ്നാം ഏർളി പ്ലാവ് വിളവെടുപ്പ് നടത്തി

ഊരകം: ഊരകം നെല്ലിപ്പറമ്പ് ജി.എം എൽ.പി സ്കൂളിൽ വിയറ്റ്നാം ഏർളി പ്ലാവിന്റെ വിളവെടുപ്പ് പി.ടി.എ പ്രസിഡന്റ് സി.ശിഹാബും എസ്.എം.സി ചെയർമാൻ വി.കെ ഉമർഹാജിയും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സി.അബ്ദുറഷീദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ഖൈറുന്നീസ ടീച്ചർ, സക്കരിയ്യ മാഷ്, ഷൗക്കത്ത് മാഷ്, പി.ടി.എ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

വലിയൊരു ശീമക്കൊന്ന മരത്തിന്‍റെ ഉയരത്തിൽ മാത്രം വളരുന്ന വിയറ്റ്നാം ഏർളി പ്ലാവിൽ ഒന്നരവർഷം കൊണ്ടുതന്നെ ചക്ക വിരിയും. ഏറെ രുചികരമായ, സുഗന്ധം നിറഞ്ഞ, കറുമുറെ തിന്നാവുന്ന ചുളയുള്ള ചക്ക. ഇതിനെ അദ്ഭുത പ്ലാവ് എന്നാണ് വിളിക്കുക. പ്ലാവ് നടുന്ന കുട്ടികൾക്ക് തന്നെ വിളവെടുക്കാൻ  സാധിച്ചു എന്നത് കുട്ടികൾക്ക് വലിയ അത്ഭുതമായിരുന്നു.

തായ്‍ലൻഡിൽ ജനിച്ച് വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ലി എന്ന പേരിൽ ലോകമെമ്പാടും പ്രചാരം നേടിയ പ്ലാവിനമാണിത്. 
പൂര്‍ണ വളര്‍ച്ചയെത്തുന്ന അവസ്ഥയില്‍ ഇതിനുണ്ടാകുന്ന പരമാവധി ഉയരം പതിനഞ്ച് അടി മാത്രമാണ്. 

നന്നായി പരിപാലിക്കുന്ന സൂപ്പര്‍ ഏര്‍ലി പ്ലാവില്‍ നിന്ന് 18 മാസം കൊണ്ടു തന്നെ ചക്കയും വിളവെടുക്കാം. ഈ പ്ലാവിന്റെ ജന്മദേശം തായ്‌ലന്‍ഡാണെങ്കിലും പേരു വന്നത് വിയറ്റ്‌നാമിന്റെ പേരിലാണ്. തായ്‌ലന്‍ഡിലെ കര്‍ഷകരാണ് ആദ്യമായി ഇത്തരം പ്ലാവിനം കണ്ടെത്തുന്നതും പരിമിതമായ തോതില്‍ കൃഷി ചെയ്തു തുടങ്ങുന്നതും. അവരിതിന് നല്‍കിയ പേരാകട്ടെ 'മിറ്റ് തായ് സുയി സോം'. പേരിന്റെ അര്‍ഥം തായ്‌ലന്‍ഡ് സൂപ്പര്‍ ഏര്‍ലി. എന്നാല്‍ ഇനം കണ്ടെത്തുന്നതിനും പേരു നല്‍കുന്നതിനുമപ്പുറം പ്രചരിപ്പിക്കാന്‍ കാര്യമായ ശ്രമമൊന്നും ഇവരുടെ ഭാഗത്തു നിന്നുണ്ടായില്ലെന്നു മാത്രമല്ല, വിയറ്റ്‌നാമിന് ഈയിനം നല്‍കാന്‍ മടികാട്ടിയതുമില്ല. വിയറ്റ്‌നാമാകട്ടെ തങ്ങളുടെ രാജ്യത്തെ മെക്കോങ് ഡെല്‍റ്റയില്‍ ഈയിനം വ്യാപകമായി പ്രചരിപ്പിച്ചുവെന്നു മാത്രമല്ല, ഇതിന്റെ പേര്‍ വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ലി എന്നാക്കുകയും ചെയ്തു.
      ചക്ക കൊണ്ട് എന്തൊക്കെ കാര്യങ്ങളാണോ ലോകത്തിനാവശ്യം അവയെല്ലാം നിറവേറ്റുന്നതിന് വി.എസ്.ഇ എന്നു വിളിക്കാവുന്ന സൂപ്പര്‍ ഏര്‍ലിക്കാവും. പഴുത്തു കഴിഞ്ഞാല്‍ ചുളകളെല്ലാം കറുമുറെ തിന്നാന്‍ സാധിക്കുന്നത്ര ദൃഢതയുണ്ട്. മധുരത്തിന്റെ കാര്യത്തിലാണെങ്കില്‍ മുന്‍നിരയില്‍ തന്നെ സ്ഥാനം. സുഗന്ധം ആരെയും ആകര്‍ഷിക്കുന്നത്. പഴുപ്പ് കൂടുന്നതനുസരിച്ച് സുഗന്ധവും കൂടിക്കൊണ്ടിരിക്കും. 
    ഒരു വർഷം രണ്ടു തവണ ചക്ക വിരിയുമെന്നതാണ് ഇതിൻ്റെ മറ്റൊരു പ്രത്യേകത. ചക്കകളുണ്ടാകുന്നത് പ്രധാനമായും തായ്ത്തടിയില്‍ മാത്രമാണ്. ഒന്നാം വര്‍ഷം ശരാശരി നാലു ചക്ക മാത്രമായിരിക്കും ഒരു പ്ലാവില്‍ വിളയുന്നതെങ്കിലും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വിളവ് ക്രമാനുഗതമായി ഉയര്‍ന്നുകൊണ്ടിരിക്കുമെന്ന് പറയപ്പെടുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}