മലപ്പുറം : പോലീസ്‌സ്റ്റേഷനിൽ പരാതിയുമായി എത്തുന്നവർക്ക് പോലീസിനെക്കുറിച്ച് പരാതിയുണ്ടായാൽ വിവരങ്ങൾ ഇനി പെട്ടെന്നുനൽകാം. സ്റ്റേഷനിൽ പതിപ്പിച്ച ക്യു.ആർ. കോഡ് സ്‌കാൻചെയ്ത് പരാതി അറിയിക്കാനുള്ള സംവിധാനത്തിനു ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം മലപ്പുറം സ്റ്റേഷനിൽ ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ നിർവഹിച്ചു. ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലും ക്യു.ആർ. കോഡ് പതിക്കാൻ തുടങ്ങി.
ക്യു.ആർ. കോഡ് സ്‌കാൻചെയ്താൽ ഒരു ഗൂഗിൾ ഫോം ലഭിക്കും. അതിൽ പേരും മൊബൈൽ നമ്പറും രേഖപ്പെടുത്തി പരാതി അറിയിക്കാം. ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലാണ് പരാതി പരിശോധിക്കുക.
പരാതി നൽകിയ ആളുടെ വിവരം രഹസ്യമായിരിക്കുമെന്ന് എസ്.പി. പറഞ്ഞു. തൃശ്ശൂർ സിറ്റി പോലീസിൽ നടപ്പാക്കിയ പദ്ധതിയാണ് മലപ്പുറം ജില്ല മൊത്തം നടപ്പാക്കാൻ ഒരുങ്ങുന്നത്.
പോലീസുകാരുടെ പെരുമാറ്റം, പരാതിക്ക് രസീത് നൽകാതിരിക്കൽ തുടങ്ങിയ വിവരങ്ങൾ പരാതിക്കാർക്കു നൽകാം.
എസ്.ഐ.മാരായ എസ്.കെ. പ്രിയൻ, കെ.എൻ. മുകുന്ദൻ, എ.എസ്.ഐ.മാരായ എസ്.എൽ. സജിത്ത്, കെ.എം. വിവേക് എന്നിവർ പങ്കെടുത്തു. സി.പി.ഒ. കെ.സി. ഷിഹാബുദ്ദീൻ സ്‌കാൻ പ്രവർത്തനം വിശദീകരിച്ചു.