വേങ്ങര: ബഷീർ ദിനത്തിൽ പുതുമയാർന്ന പ്രവർത്തനങ്ങളുമായി കുറ്റൂർ നോർത്ത് കെ.എം. ഹയർ സെക്കന്ററി സ്കൂൾ.
ജീവിതം ലളിതമായ ഭാഷയിൽ, ഹാസ്യത്തിന്റെ മേമ്പൊടിയോടെ വായനക്കാരന് പകർന്ന് നൽകിയ മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ മുപ്പതാം ഓർമ്മ ദിനം അദ്ദേഹത്തിന്റെ തന്നെ വിവിധ കഥാപാത്രങ്ങളായ പാത്തുമ്മയും, മജീദും, സുഹറയും, ഭാർഗവിയും, ഒറ്റക്കണ്ണൻപോക്കറും, എട്ടുകാലി മമ്മൂഞ്ഞുമെല്ലാം കഥാപാത്രങ്ങളായി വേദിയിൽ അവതരിപ്പിച്ച് വേറിട്ട കാഴ്ചയൊരുക്കി സ്കൂളിലെ കുട്ടികൾ ശ്രദ്ധേയമായി. അനാലിയ, ലക്ഷ്മി ഷൈജു, ഫൈസാൻ, ദീപ്തി, ശ്രീഭാഗ്യ, റഷാ റോസ് എന്നീ വിദ്യാർത്ഥികളും സംഘവും മികച്ച അഭിനേതാക്കളായി.
അദ്ദേഹത്തിന്റെ ഓർമ്മ പുതുക്കാനും ബഷീറിനെ അടുത്തറിയുന്നതിനുമായി സ്കൂൾ ആർട്സ് ക്ലബ്ബ് ഒരുക്കിയ ബഷീറിൻ്റെ കൂറ്റൻ കാരിക്കേച്ചർ വേറിട്ട കാഴ്ചയായി. കൂടാതെ ബഷീർ കൃതികളിലെ ആശയങ്ങൾ എല്ലാ കുട്ടികളിലേക്കുമെത്തിക്കുന്നതിനായി മലയാളം ക്ലബ്ബ് ക്വിസ് മത്സരവും, പുസ്തകാസ്വാദനവും, അനുസ്മരണവും, നിരൂപണവും നടത്തി.
സ്കൂൾ ഹെഡ്മാസ്റ്റർ പി.സി. ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഡിഎച്ച്എം ഗീത എസ്, സംഗീത പി, ഷൈജു കാക്കഞ്ചേരി, മെൽവിൻ, ബിന്ദു കെ, ശ്രീജ, ഗ്ലോറി ജി, അദ്ധ്യാപക വിദ്യാർത്ഥികൾ എന്നിവർ വിവിധ പ്രവർത്തനങ്ങളിൽ പങ്കാളികളായി.