തിരൂരങ്ങാടി: മമ്പുറം ഖുതുബുസ്സമാൻ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 186-ാമത് ആണ്ടുനേർച്ച ഏഴുമുതൽ 14വരെ നടക്കും.14-ന് ഒരുലക്ഷം പേർക്ക് അന്നദാനം നടക്കും
ഞായറാഴ്ച വൈകുന്നേരം 4.30-ന് മമ്പുറം അഹമ്മദ് ജിഫ്‌രി തങ്ങൾ കൊടിയേറ്റും. 7.30-ന് മജ്‌ലിസുന്നൂർ ആത്മീയസദസ്സിന് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ നേതൃത്വം നൽകും. എട്ടുമുതൽ 12-ാം തീയതിവരെ വൈകുന്നേരം 7.30-ന് മുസ്തഫ ഹുദവി ആക്കോട്, അൻവറലി ഹുദവി, അഹമ്മദ് കബീർ ബാഖവി കാഞ്ഞാർ, അബ്ദുസ്സമദ് പൂക്കോട്ടൂർ എന്നിവർ മതപ്രഭാഷണങ്ങൾ നടത്തും.
To advertise here, Contact Us
13-ന് രാവിലെ പത്തിന് 'മമ്പുറം തങ്ങളുടെ ലോകം' ചരിത്രസെമിനാർ നടക്കും. വൈകുന്നേരം 7.30-ന് അനുസ്‌മരണ പ്രാർഥനാസമ്മേളനവും ഖുർആൻ മനഃപാഠമാക്കിയവർക്കുള്ള ബിരുദദാനവും നടക്കും. ആണ്ടുനേർച്ചയുടെ സമാപനത്തോടനുബന്ധിച്ച് 14-ന് രാവിലെ 8.30-ന് ആരംഭിക്കുന്ന ലക്ഷംപേർക്കുള്ള അന്നദാനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്യും. ഉച്ചയ്ക്ക് 1.30-ന് നടക്കുന്ന സമാപന പ്രാർഥനാസദസ്സിന് സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ നേതൃത്വംനൽകും. പത്രസമ്മേളനത്തിൽ ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ്‌വി, യു. ശാഫി ഹാജി, സി.കെ. മുഹമ്മദ് ഹാജി, മുഹമ്മദ് കബീർ ഹാജി, മണമ്മൽ മൂസ ഹാജി തുടങ്ങിയവർ പങ്കെടുത്തു.