തിരൂരങ്ങാടി : താലൂക്ക് ആശുപത്രിയിലെ മലിനജലപ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാനായി നിർമിച്ച പ്ലാന്റ് ഉദ്ഘാടനത്തിനൊരുങ്ങി. ഒന്നരക്കോടി രൂപ ചെലവിട്ടാണ് ആശുപത്രിയിൽ പ്ലാന്റ് സ്ഥാപിച്ചത്.
ആശുപത്രിയിലെ മലിനജലം പരിസരങ്ങളിലെ കിണറുകളിൽ എത്തിയതോടെ പ്രദേശവാസികൾ വർഷങ്ങളായി ശുദ്ധജലം ലഭിക്കാതെ പ്രയാസത്തിലായിരുന്നു. കുടിവെള്ളം മറ്റിടങ്ങളിൽനിന്ന് എത്തിച്ചാണ് ഉപയോഗിച്ചിരുന്നത്. കിണറുകൾ മലിനമാകുകയും ആരോഗ്യഭീഷണി നിലനിൽക്കുകയും ചെയ്തതോടെയാണ് ശുദ്ധീകരണപ്ലാന്റ് സ്ഥാപിക്കാൻ തീരുമാനിച്ചത്. നാഷണൽ ഹെൽത്ത് മിഷൻ അനുവദിച്ച ഒരു കോടിയും തിരൂരങ്ങാടി നഗരസഭ അനുവദിച്ച 50 ലക്ഷവും ഉപയോഗിച്ചാണ് ഇത് നിർമിച്ചത്. നിർമാണം പൂർത്തിയായ പ്ലാന്റിന്റെ പരീക്ഷണപ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്.
മണിക്കൂറിൽ 6500 ലിറ്റർ ശുചീകരിക്കും
താലൂക്ക് ആശുപത്രിയിൽനിന്നുള്ള 6500 ലിറ്റർ മലിനജലം ഒരു മണിക്കൂറിനുള്ളിൽ ശുദ്ധീകരിക്കാനുള്ള സംവിധാനമാണ് പ്ലാന്റിലുള്ളത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്ലാന്റിന്റെ പ്രവർത്തനം നിരീക്ഷിക്കുന്നതിനായി ജീവനക്കാരുണ്ടാകും. 1,27,000 ലിറ്റർ ശേഷിയുള്ള സംഭരണിയും നിർമിച്ചിട്ടുണ്ട്. 2023 മാർച്ചിൽ തുടങ്ങിയ നിർമാണമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. കേന്ദ്ര ഏജൻസിയായ വാപ്‌കോസാണ് നിർമാണം പൂർത്തിയാക്കിയത്.