വേങ്ങര: കോഴിക്കോട്-തൃശ്ശൂർ ദേശീയപാത കൂരിയാട് നാട്ടുകാർ ഉപരോധിച്ചു. പുതുതായി നിർമിച്ച സർവീസ് റോഡ് വെള്ളത്തിനടിയിലായതോടെയാണ് നാട്ടുകാർ രോഷാകുലരായത്.
പാതയുടെ ഉയരവും കുറ്റൂർ, കൂരിയാട് പാടശേഖരങ്ങളിൽനിന്ന് കടലുണ്ടിപ്പുഴയിലേക്ക് വെള്ളം ഒഴിഞ്ഞുപോകാനുള്ള ഓവുചാലുകളുടെ വിസ്താരവും കൂട്ടണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം. പാതയുടെ നിർമാണഘട്ടത്തിൽത്തന്നെ നാട്ടുകാരും പാടശേഖരസമിതിയും അധികൃതരോട് ഈ പരാതി ഉന്നയിച്ചിരുന്നു.
സ്ഥലം സന്ദർശിച്ച ജനപ്രതിനിധികൾ ഉൾപ്പെടെ ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ കൃത്യമായ പദ്ധതിപ്രകാരമാണ് പാത നിർമിക്കുന്നതെന്നും പ്രശ്നങ്ങളുണ്ടാവില്ലെന്നും പറഞ്ഞ് പരാതികൾ അവഗണിച്ച് വേഗത്തിൽ പാതയുടെ പണി പൂർത്തിയാക്കുകയായിരുന്നു. ഇതിനെതിരേയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.
തിരൂരങ്ങാടി പോലീസ് സംഭവസ്ഥലത്തെത്തി. അധികൃതരുമായി ചർച്ചയ്ക്ക് വേദിയൊരുക്കാമെന്ന് പോലീസ് ഉറപ്പുനൽകിയതിനാലും വയനാട് ദുരന്തം പരിഗണിച്ചുമാണ് നാട്ടുകാർ ഉപരോധം അവസാനിപ്പിച്ചത്.