നിലമ്പൂർ: വയനാട് ദുരന്തത്തിലകപ്പെട്ട മൃതദേഹങ്ങൾ ചാലിയാറിലൂടെ ഒഴുകിയെത്തിയപ്പോൾ സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് നിലമ്പൂർ മേഖലയിലെ വിവിധ സന്നദ്ധസംഘടനകളുടെ കീഴിലുള്ള രക്ഷാപ്രവർത്തകർ കാഴ്ചവെച്ചത്. ആരുടേയും ഉത്തരവുകൾക്ക് കാത്തുനിൽക്കാതെ, ആരും ആവശ്യപ്പെടുകപോലും ചെയ്യാതെ പുലർച്ചെ വീട്ടിൽനിന്ന് മുണ്ടേരിയിലേക്ക് പുറപ്പെട്ടവരാണ് പലരും.
അവനവന്റെ കൈയിൽക്കിട്ടിയ ഉപകരണങ്ങളുമായി മുൻപരിചയമൊന്നുമില്ലാത്ത വനമേഖലയിലൂടെയാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും ഇവർ പ്രവർത്തനം നടത്തിയത്.
പുഴയുടെ തീരങ്ങളിലൂടെയും ചാലിയാറിൽക്കൂടിയും നടന്ന് കാണുന്നതും സംശയമുള്ളതുമായ സ്ഥലങ്ങളിൽ മൃതദേഹപരിശോധന നടത്തി മുഴുവനായോ ഭാഗികമായോ ഉള്ള മൃതദേഹങ്ങൾ ശേഖരിച്ച് തുണികളിലും പ്ലാസ്റ്റിക്കുകളിലും വെച്ചാണ് തീരത്തേക്ക് എത്തിച്ചിരുന്നത്.
രക്ഷാപ്രവർത്തകർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി എത്തിയിരുന്നു.
ട്രോമാകെയർ, സാന്ത്വനം, യൂത്ത്‌ലീഗ് വൈറ്റ് ഗാർഡ്, എമർജൻസി റെസ്ക്യൂ ഫോഴ്‌സ് (ഇ.ആർ.എഫ്), യൂത്ത്‌കെയർ, എസ്.കെ.എസ്.എസ്.എഫ്. വിഖായ, സേവാഭാരതി, ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ് പി. ഷബീറിന്റെ നേതൃത്വത്തിൽ യൂത്ത് ബ്രിഗേഡ്, കേരള യൂത്ത് ഫോഴ്‌സ്, ടീം വെൽഫെയർ, എസ്.ഡി.പി.ഐ., അഗ്നിരക്ഷാ സേനയുടെ സിവിൽ ഡിഫൻസ് സർവീസ്, ടീം കേരള, അഷ്‌റഫ് കൂട്ടായ്മ തുടങ്ങിയവരെല്ലാം സന്നദ്ധസേവന പ്രവർത്തകരായി മുണ്ടേരിയിലും നിലമ്പൂർ ജില്ലാ ആശുപത്രിയിലുമായി പ്രവർത്തിച്ചുവരുന്നുണ്ട്
ആംബുലൻസുകൾ ക്രമീകരിക്കുന്നതും, മൃതദേഹങ്ങൾ എത്തിയാൽ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്കും പോസ്റ്റുമോർട്ടം കഴിഞ്ഞാൽ സുരക്ഷിത സ്ഥാനത്തേക്കും മാറ്റുന്നതും, വയനാട്ടിലേക്ക് കൊണ്ടുപോകാനുള്ള മൃതദേഹങ്ങൾ സ്ട്രെച്ചറിൽ ആംബുലൻസിൽ കയറ്റുന്നതുമെല്ലാം വിവിധ സംഘടനകളുടെ കീഴിലുള്ള സന്നദ്ധ പ്രവർത്തകരാണ്.