കൊളപ്പുറം: തൃശ്ശൂർ-കോഴിക്കോട് ദേശീയപാത പുനർനിർമാണത്തിനായി മണ്ണെടുത്തത് വീടുകൾക്ക് ഭീഷണിയായതായി പരാതി. കൊളപ്പുറത്തിനും കൂരിയാടിനും ഇടയിൽ കൂരിയാട് പാടത്തിന് മുമ്പായുള്ള ഇറക്കത്തിലാണ് ഇങ്ങനെ മണ്ണെടുത്തിരിക്കുന്നത്. പ്രദേശത്തെ തൊട്ടിയിൽ ഗോപിയുടേയും തൊട്ടിയിൽ പത്മിനിയുടേയും വീടുകളാണ് അപകടഭീഷണിയിലായത്.
കർണാടകയിൽ ഷിരൂരിലെ ദേശീയപാതയുടെ അരികിലുള്ള കുന്ന് ഇടിഞ്ഞുവീണു എന്ന വാർത്തകേട്ടതോടെയും വീണ്ടും മഴ കനത്തതോടെയും വീട്ടുകാർ കൂടുതൽ ഭീതിയിലാണ്. അശാസ്ത്രീയമായ രീതിയിൽ ഇരുപതോളം അടി താഴ്ചയിൽ ചെരിച്ച് മണ്ണെടുക്കാതെ ചെങ്കുത്തായ രീതിയിലാണ് വീടിന്റെ മുറ്റത്തിനോട് ചേർന്ന് മണ്ണെടുത്തിട്ടുള്ളത്. മണ്ണ് ഇടിയാതിരിക്കാൻ ഒരു മുൻകരുതലും ഇവിടെ അധികൃതർ സ്വീകരിച്ചിട്ടില്ല. കനത്ത മഴ തുടരുന്നതിനാൽ മണ്ണിടിഞ്ഞ് വീട് അപകടത്തിലാവുമോ എന്നതാണ് ഇവരുടെ ഭയം. വേണ്ട സുരക്ഷയൊരുക്കിത്തരാൻ ആരോടാണ് ആവശ്യപ്പെടുക എന്നതറിയാതെ വീട്ടിൽ ഭയത്തോടെ കഴിയുകയാണ് കുടുംബങ്ങൾ.