കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിലെത്തുന്ന പുറത്തുനിന്നുള്ള ടാക്‌സികളിൽനിന്ന് 283 രൂപ പ്രവേശനഫീസ് വാങ്ങുന്നത് താത്കാലം നിർത്തി. വൻ തുക പ്രവേശനഫീസ് വാങ്ങുന്നതിനെതിരേ വ്യാപക പരാതി ഉയർന്നതോടെയാണിത്. പാർക്കിങ് മേഖലയിൽ കയറാത്ത വാഹനങ്ങളിൽനിന്ന് ഫീസ് വാങ്ങുന്നതും നിർത്തിവെച്ചു. പുറത്തുനിന്നുള്ള ടാക്‌സി വാഹനങ്ങൾ പൊതുവേ വിമാനത്താവളത്തിനകത്ത് പാർക്ക് ചെയ്യാറില്ല. യാത്രക്കാരെ കയറ്റുകയോ ഇറക്കുകയോ ചെയ്ത് ഉടൻ തിരിച്ചുപോകും. അതുകൊണ്ടുതന്നെ നിലവിൽ സൗജന്യമായി ടാക്‌സികൾക്ക് വിമാനത്താവളത്തിലേക്ക് വരാമെന്നായി.
വിമാനത്താവളത്തിനകത്ത് പ്രവേശിക്കുന്നതിന് പുറത്തുനിന്നുള്ള ടാക്‌സികൾക്ക് 283 രൂപയാക്കിയതുകൂടാതെ പാർക്കിങ് മേഖലയിൽനിന്ന് ഏഴ്-ഒൻപത് മിനിറ്റിനുള്ളിൽ പുറത്ത് കടന്നില്ലെങ്കിൽ വീണ്ടും ഇത്രയും തുക നൽകണമെന്നതും പ്രതിഷേധത്തിനിടയാക്കിയിരുന്നു.
പ്രവേശനകവാടത്തിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടതോടെ വിമാനത്താവളത്തിനകത്തും പുറത്തും പലപ്പോഴും ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു.