കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ നടപ്പാക്കിയ പാർക്കിങ് ഫീസ് പരിഷ്കരണം യാത്രക്കാരെ വലച്ചു. കൗണ്ടറിന് മുൻപിൽ ഫീസിനെച്ചൊല്ലി തർക്കവും ഗതാഗതക്കുരുക്കും മുറുകിയതോടെ പലപ്പോഴും പോലീസിനും ഇടപെടേണ്ടിവന്നു. ഫാസ്ടാഗ് അടക്കമുള്ള സംവിധാനങ്ങൾ തുടങ്ങാത്തതിനാൽ പാർക്കിങ് ഫീസ് നൽകുന്നതിന് കൂടുതൽ സമയമെടുത്തതാണ് ഗതാഗതക്കുരുക്ക് മുറുകാൻ പ്രധാന കാരണം. പലപ്പോഴും ടെർമിനലിന് മധ്യഭാഗം വരെ വാഹനങ്ങളുടെ വരി നീണ്ടു. വെള്ളിയാഴ്ച പുലർച്ചെ മുതലാണ് പുതിയ പാർക്കിങ് ഫീസ് നിലവിൽ വന്നത്.
വിമാനത്താവളത്തിനകത്തേക്ക് കടക്കാനും പുറത്തേക്ക് കടക്കാനും രണ്ടുവീതം കൗണ്ടറുകളാണ് ഒരുക്കിയത്. ഇവിടങ്ങളിൽ ഓട്ടോമാറ്റിക് ഗേറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പൂർണ സംവിധാനമാകാത്തതിനാൽ ജീവനക്കാരാണ് പ്രവർത്തിപ്പിക്കുന്നത്. നേരത്തേ നൽകിയ രസീതി പുറത്തെ കൗണ്ടറിലെ ജീവനക്കാർ വാങ്ങി ക്യു.ആർ. കോഡ് കംപ്യൂട്ടറിൽ സ്കാൻ ചെയ്താണ് ഫീസ് വാങ്ങുന്നത്. ഫാസ്ടാഗ് സൗകര്യമില്ലാത്തതിനാൽ യാത്രക്കാർ തുക നേരിട്ടോ ഓൺലൈനായോ ആണ് നൽകുന്നത്. ഓൺലൈനിൽ പണം നൽകുന്നതിന് കൂടുതൽ സമയമെടുക്കുന്നതും കൗണ്ടറിന് മുന്നിൽ കുരുക്ക് മുറുകാൻ കാരണമായി.
കൗണ്ടറിൽനിന്ന് ക്യു. ആർ. കോഡ് അടങ്ങിയ സ്ലിപ് നൽകിയാണ് ഓട്ടോമാറ്റിക് ഗേറ്റ് വഴി കടത്തിവിടുന്നത്. ഇതിന് കൂടുതൽ സമയം വേണ്ടിവരുന്നതിനാൽ വിമാനത്താവളത്തിനകത്തേക്ക് പ്രവേശിക്കുന്ന ഭാഗത്തും നീണ്ട വരി രൂപപ്പെട്ടു.
പാർക്കിങിന് പണം നൽകിയശേഷം പുറത്തിറങ്ങാൻ സമയം വൈകിയതിന്റെ പേരിൽ വീണ്ടും തുക ഈടാക്കാൻ ശ്രമിച്ചതും തർക്കത്തിന് കാരണമായി. ഉച്ചത്തിൽ, ഒരുമിച്ച് ഹോൺ മുഴക്കി വാഹനത്തിലുള്ളവർ പ്രതിഷേധിച്ചതിനും വിമാനത്താവളം വേദിയായി.
അതേസമയം തുകയിൽ ഇളവുകളോടെയും സമയത്തിൽ വിട്ടുവീഴ്ചകളോടെയുമാണ് വെള്ളിയാഴ്ച പ്രവർത്തിച്ചതെന്ന് പാർക്കിങ് ജീവനക്കാർ പറഞ്ഞു.