മലപ്പുറം: അറബ് കവി ഡോ. ഷിഹാബ് ഗനീം അറബിയിലേക്ക് പരിഭാഷപ്പെടുത്തിയ, ശ്രീനാരായണഗുരുവിന്റെ ദൈവദശകത്തിന്റെ പതിപ്പ് പാണക്കാട് തറവാട്ടിൽവെച്ച് ശിവഗിരി മഠം അംഗവും തൃത്താല ധർമഗിരി ആശ്രമം സെക്രട്ടറിയുമായ സ്വാമി കൈവല്യാനന്ദ സരസ്വതി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവർക്കു കൈമാറി.
സ്വാർഥതാത്പര്യങ്ങൾക്കായി മനുഷ്യർ മത്സരിക്കുന്ന കാലത്ത് ഗുരുവിന്റെ ദർശനങ്ങൾക്ക് പ്രസക്തി ഏറുകയാണെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. മുഖ്യാതിഥിയായി. ദൈവദശകം കൂട്ടായ്‌മ ചെയർമാൻ ഗിരീഷ് ഉണ്ണിക്കൃഷ്ണൻ അധ്യക്ഷതവഹിച്ചു.
64 വിദേശ ഭാഷകളിലും 40 ഇന്ത്യൻ ഭാഷകളിലും ദൈവദശകം മൊഴിമാറ്റി പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായായിരുന്നു ചടങ്ങ്. ദൈവദശകം കൂട്ടായ്‌മ പി.ആർ.ഒ. നജീബ് പി. മുഹമ്മദ്, യൂസഫ് പടിയത്ത് എന്നിവർ പ്രസംഗിച്ചു.