വേങ്ങര: മഴക്കാലം തുടങ്ങിയതോടെ പരപ്പനങ്ങാടി-നാടുകാണി പാതയിൽ വെള്ളക്കെട്ടിനു പുറമെ നിറയെ കുഴികളും രൂപപ്പെട്ടു. കോടികൾമുടക്കി പണിതുടങ്ങിയ പാതയുടെ പണി പലകാരണങ്ങളാൽ പാതിവെച്ച് നിർത്തുകയായിരുന്നു. റോഡിന്റെ താഴ്ന്നുകിടക്കുന്ന ഭാഗങ്ങളിൽ കലുങ്കുകളും ഓവുചാലുകളും നിർമിക്കാത്തതിനാൽ മഴപെയ്താൽ മിക്കസ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടുക പതിവായിരുന്നു. ഇതിനുപുറമെയാണ് യാത്രക്കാരെ അപകടത്തിലാക്കുന്ന വിധത്തിൽ പാതയുടെ നടുവിലും അരികിലുമായി വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്.
ഇതോടെ പൊതുവെ വലിയ ഗതാഗതക്കുരുക്കുള്ള പാതയിലൂടെയുള്ള യാത്ര ഇപ്പോൾ ദുഷ്കരമായിരിക്കുകയാണ്. മഴക്കാലത്ത് രാത്രി ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവരാണ് കൂടുതൽ അപകടത്തിൽപ്പെടുന്നത്. ജില്ലയിലെ ഈ പ്രധാനപാതയുടെ ഉപരിതലം ഊരകം കാരാത്തോട് മുതൽ വേങ്ങര കൂരിയാട് ഭാഗംവരെയുള്ള ഇടങ്ങളിൽ പുതുക്കിപ്പണിതിട്ട് കാലങ്ങളായി. കുഴി രൂപപ്പെട്ടാൽ താത്കാലികമായി മൂടലാണ് പതിവ്. താത്കാലികമായെങ്കിലും കുഴിമൂടി പ്രശ്‌നം പരിഹരിക്കണമെന്നതാണ് യാത്രക്കാരുടെ ആവശ്യം.