തിരൂരങ്ങാടി: സംസ്ഥാനത്തെ മികച്ച സർക്കാർ ആരോഗ്യസ്ഥാപനങ്ങൾക്ക് സർക്കാർ നൽകുന്ന കായകൽപ്പ് അവാർഡിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്ക് തുടർച്ചയായ രണ്ടാംവർഷത്തിലും അംഗീകാരം.
സംസ്ഥാനത്തെ രണ്ടാമത്തെ മികച്ച താലൂക്ക് ആശുപത്രിയായാണ് തിരൂരങ്ങാടിയെ തിരഞ്ഞെടുത്തിരിക്കുന്നത്. ആരോഗ്യമന്ത്രി വീണാ ജോർജാണ് തിരുവനന്തപുരത്ത് പ്രഖ്യാപനം നടത്തിയത്. ആരോഗ്യസ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യപരിപാലനം, അണുബാധ നിയന്ത്രണം തുടങ്ങിയവ വിലയിരുത്തിയാണ് അംഗീകാരത്തിന് തിരഞ്ഞെടുക്കുന്നത്.
താലൂക്ക് ആശുപത്രിയിൽ ശുചീകരണപ്ലാന്റ് യാഥാർത്ഥ്യമാക്കുകയും കൂടുതൽ ശുചിത്വപ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയും ചെയ്യുന്നുണ്ടെന്നും അടുത്തവർഷം ഇതിലും മികച്ച പ്രവർത്തനം നടത്താനാകുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ് പറഞ്ഞു.