വേങ്ങര: ദേശീയപാതാ പുനർനിർമാണത്തിൽ വേങ്ങര, കൂരിയാട്, കൊളപ്പുറം ഭാഗങ്ങളിലുള്ള നാട്ടുകാരും കർഷകരും ഉന്നയിക്കുന്ന പ്രശ്‌നങ്ങൾ ന്യായമാണെന്നും അതിനു പരിഹാരം കാണേണ്ടതുണ്ടെന്നും ഇ.ടി. മുഹമ്മദ് ബഷീർ എം.പി. കൂരിയാട് പാലത്തോട് ചേർന്നുള്ള ഭാഗത്തെ കടലുണ്ടിപ്പുഴയുടെ കരയിടിച്ചിൽ ഭീതി ഉയർത്തുന്നതാണ്. ജില്ലയിലെ വിമാനത്താവളത്തെയും റെയിൽവേ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന സംസ്ഥാനപാത കൊളപ്പുറത്തുവെച്ച് നെടുകെ മുറിച്ചത് തികച്ചും അശാസ്ത്രീയമായ രീതിയിലാണ്. ദേശീയപാതയ്ക്ക് സമാന്തരമായി സാധാരണയാത്രക്കാർക്ക് സഞ്ചരിക്കാൻ നിർമിച്ച സർവീസ് റോഡ് വളരെ താഴ്ത്തിയാണ് നിർമിച്ചതെന്നുള്ള നാട്ടുകാരുടെ വാദം ശരിവെക്കുന്നതായിരുന്നു ഇത്തവണ ഈ പാതയിൽ വെള്ളം കയറിയുണ്ടായ ഗതാഗതടസ്സം.
കുറ്റൂർ, കൂരിയാട് പാടശേഖരങ്ങളിൽനിന്ന് മഴക്കാലത്ത് വെള്ളം ഒഴിഞ്ഞുപോകാൻ നിർമിച്ച ഓവുകൾ ഇടുങ്ങിയതാണെന്നുള്ള കർഷകരുടെ വാദവും ശരിയാണ്. അധികൃതർ പാതയിൽ കൂരിയാട് സ്ഥാപിക്കുന്ന ബസ് കാത്തിരിപ്പുകേന്ദ്രം പോലും ജനങ്ങളുടെ അഭിപ്രായം മാനിക്കാതെ തികച്ചും അനുയോജ്യമല്ലാത്ത സ്ഥലത്താണ് നിർമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വേങ്ങര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹസീന ഫസൽ, എ.ആർ. നഗർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കൊണ്ടാണത്ത് അബ്ദുൾ റഷീദ്, യൂസുഫലി വലിയോറ, കല്ലൻ റിയാസ് കൊളപ്പുറം, എം. ആരിഫ, അസീസ് പറങ്ങോടത്ത്, പി.കെ. റഷീദ്, കാവുങ്ങൽ ലിയാഖത്തലി, മടപ്പള്ളി മജീദ്, പി.കെ. അലിഅക്ബർ തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.