കോട്ടയ്ക്കൽ: ജില്ലയിലെ പൊതുമേഖലാ സ്ഥാപനമായ എടരിക്കോട് ടെക്സ്‌റ്റൈൽസിലെ തൊഴിലാളികളുടെ ശമ്പളക്കുടിശ്ശിക, ലേ ഓഫ് വേതനം തുടങ്ങിയവ ഓണത്തിനുമുൻപ് ഭാഗികമായെങ്കിലും അനുവദിക്കാൻ ശ്രമിക്കുമെന്ന് വ്യവസായവകുപ്പ് മന്ത്രി പി. രാജീവ്. കുറുക്കോളി മൊയ്തീൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ എടരിക്കോട് ടെക്സ്‌റ്റൈൽസ് എംപ്ലോയീസ് ഓർഗനൈസേഷൻ (എസ്.ടി.യു.) ഭാരവാഹികൾ മന്ത്രിക്ക് നിവേദനം നൽകിയപ്പോഴാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.
മിൽ രണ്ടാമതും അടച്ചുപൂട്ടിയിട്ട് എട്ടുമാസം പിന്നിട്ടിട്ടും തൊഴിലാളികൾക്ക് ശമ്പളക്കുടിശ്ശികയോ ലേ ഓഫ് വേതനമോ ഇതുവരെ നൽകിയിട്ടില്ലന്ന് നേതാക്കൾ മന്ത്രിയെ അറിയിച്ചു. നിലവിൽ 110 സ്ഥിരം തൊഴിലാളികൾ പട്ടിണിയിലാണ്. ദിനംപ്രതി മില്ലിൽ വന്ന് ലേ ഓഫ് മാർക്ക്ചെയ്യണം. വന്നവർക്ക് കഴിഞ്ഞ പതിനൊന്നുമാസ കാലയളവിലെ ശമ്പളക്കുടിശ്ശികയും ലേ ഓഫ് വേതനവും നൽകാനുണ്ട്. നിലവിലുള്ള തൊഴിലാളികൾക്ക് പി.എഫ്. കുടിശ്ശികയായി ആറുകോടി രൂപയും സർവീസിൽനിന്നു പിരിഞ്ഞുപോയ ജീവനക്കാർക്ക് ഗ്രാറ്റ്വിറ്റി ഇനത്തിൽ മൂന്നരക്കോടി രൂപയും ശമ്പള ഇനത്തിൽ രണ്ടരക്കോടി രൂപയും നിലവിൽ ബാധ്യതയുണ്ട്. കുറുക്കോളി മൊയ്തീൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ സിദ്ദീഖ് താനൂർ, അലി കുഴിപ്പുറം, പി.കെ. മുഹമ്മദ് ഷാഫി തുടങ്ങിയവരാണ് നിവേദകസംഘത്തിൽ ഉണ്ടായിരുന്നത്.