വേങ്ങര: തകർന്ന വയനാടിനെ പുനർനിർമ്മിക്കാൻ മുക്കാൽ പവനോളം തൂക്കം വരുന്ന തന്റെ കമ്മൽ ഊരി ഡി. വൈ. എഫ്. ഐ സംഘടിപ്പിക്കുന്ന റീ ബിൽഡ് വയനാടിനായി സമർപ്പിച്ച തൊഴിലുറപ്പ് തൊഴിലാളി അനിത വേറിട്ട കാഴ്ചയായി. ഇത് വിറ്റു കിട്ടുന്ന കാശ് കൊണ്ട് ന്റെ കുട്ടികൾക്ക് ഒരാശ്വാസമാവട്ടെയെന്നും അവരുടെ സന്തോഷം എനിക്ക് കാണണമെന്നുമുള്ള അനിതയുടെ നിരമിഴിയോടെയുള്ള വാക്കുകൾ കേട്ടു നിന്നവരുടെയും കണ്ണ് നനയിച്ചു.
ഊരകം ഗ്രാമ പഞ്ചായത്തിലെ 17-ാം വാർഡിൽ ഡി.വൈ. എഫ്. ഐ പ്രവർത്തകർ തൊഴിലുറപ്പ് തൊഴിലാളികളെ സമീപിച്ച് ദുരിത ബാധിതർക്ക് അവർ നിർമിച്ചു നൽകുന്ന ഭവന നിർമ്മാണച്ചെലവിലേക്ക് പണം കണ്ടെത്തുന്നതിനായി സമീപിച്ച പ്പോഴാണ് അതിശയിപ്പിക്കുന്ന പ്രതികരണമുണ്ടായത്. സി. പി. എം ഊരകം ചാലിൽ കുണ്ട് ബ്രാഞ്ച് അംഗമായ കിളിവായിൽ അനിതയാണ് സ്വന്തം കാതിലെ കമ്മൽ പ്രവർത്തകർക്ക് ഊരി നൽകിയത്. അനിത എൻ. ആർ. ഇ. ജി വർക്കേഴ്സ് യൂണിയൻ, ഊരകം പഞ്ചായത്ത്‌പ്രസിഡൻ്റ് കൂടിയാണ്. ഭർത്താവ് സുബ്രമണ്യനും പാർട്ടി അംഗമാണ്. കമ്മൽ വേങ്ങര ഏരിയാ സെക്രട്ടറി പി. സൈഫുദ്ദീൻ ഏറ്റുവാങ്ങി. ലോക്കൽ സെക്രട്ടറി എം. വത്സകുമാർ, മേഖലാ സെക്രട്ടറി കെ. രോഹിത് എന്നിവർ സന്നിഹിതരായി.