പറപ്പൂർ: പറപ്പൂർ ഗ്രാമപ്പഞ്ചായത്തിലെ രണ്ടാംവാർഡിൽ അമലപ്പാടത്ത് സ്വകാര്യവ്യക്തി പാടം മണ്ണിട്ടു നികത്തിയതിനാൽ നൂറ്റിയൻപതോളം കുടുംബങ്ങൾ ബുദ്ധിമുട്ടിലാണെന്നു പരാതി.
2020 കാലയളവിൽ ഇവിടത്തെ ചാലിത്തോട് പി.എം.കെ.എസ്.വൈ. പദ്ധതിപ്രകാരം ആഴംകൂട്ടുകയും സംരക്ഷണഭിത്തി കെട്ടി സംരക്ഷിക്കുകയും ചെയ്തിരുന്നു. അതോടൊപ്പം ഇവിടെ വി.സി.ബിയും നിർമിച്ചു. ഈ സമയത്ത് ശേഷിച്ച മണ്ണ് പുത്തൻതോട്ടിനു സമീപമുള്ള സ്ഥലത്ത് നിക്ഷേപിച്ചു. ഇവിടെയുള്ള സ്വകാര്യ നഞ്ചഭൂമി നികത്തുന്നതിനാണ് ഈ മണ്ണ് ഉപയോഗിച്ചതെന്നാണ് ആരോപണം. ഏകദേശം ഒരുമീറ്റർ ഉയരത്തിലാണ് ഒരേക്കറിനടുത്ത് സ്ഥലം മണ്ണിട്ടു നികത്തിയിരിക്കുന്നത്. പൊതു ആവശ്യത്തിന്റെ ഭാഗമായി ശേഷിച്ച മണ്ണ് നിയമപ്രകാരം ലേലംചെയ്ത് നീക്കംചെയ്യുന്നതിനു പകരം പാടം നികത്തുന്നതിന് ഉപയോഗിക്കുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു.
പുഴ കവിഞ്ഞാൽ പുത്തൻതോട്ടിലൂടെ വെള്ളം അമലപ്പാടത്തേക്ക് ഒഴുകുകയും വെള്ളം തോട്ടിലൂടെ തിരിച്ച് പുഴയിലേക്ക് ഒഴുകിപ്പോകുകയുമായിരുന്നു പതിവ്. എന്നാൽ മണ്ണിട്ടുയർത്തിയതിനാൽ നീരൊഴുക്ക് തടസ്സപ്പെടുകയും ആഴ്ചകളോളം വെള്ളം ഇറങ്ങാതെ ജനങ്ങൾ ബുദ്ധിമുട്ടിലാകുകയും ചെയ്യുന്നു. സ്ഥലം പരിശോധിച്ച് അധികൃതർക്ക് പ്രശ്‌നം ബോധ്യപ്പെട്ടതാണ്. വിഷയത്തിൽ ശാശ്വത പരിഹാരം കാണണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.