കോട്ടയ്ക്കൽ : ജില്ലാ സ്കൂൾ കലോത്സവത്തിന് തിരശ്ശീല ഉയരാൻ ഇനി ഏഴുനാൾ മാത്രം. 26 മുതൽ 30 വരെ കോട്ടയ്ക്കൽ രാജാസ് എച്ച്.എസ്.എസ്., കോട്ടൂർ എ.കെ.എം.എച്ച്.എസ്.എസ്. എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ. സ്റ്റേജിനമത്സരങ്ങൾ രാജാസിലും സ്റ്റേജിതര മത്സരങ്ങളും ബാൻഡ് മേളവും കോട്ടൂരിലുമാണ് നടക്കുന്നത്.
വേദികളുടെ നിർമാണം പുരോഗമിക്കുന്നു. 19 വേദികളാണ് ഇക്കുറി. ഏഴ് വലിയ വേദികൾ, ആറ് ഇടത്തരം വേദികൾ, ആറ് ഹാൾ എന്നീ ക്രമീകരണത്തിലാണ് വേദികളുടെ നിർമാണം. എടരിക്കോട് വി.പി.എസ്.വി. ആയുർവേദ കോളേജിൽനിന്ന് ആരംഭിച്ച് രാജാസിൽ അവസാനിക്കുന്ന രീതിയിലുള്ള കലോത്സവ ഘോഷയാത്രയും ഇക്കുറിയുണ്ടാകും.
26-ന് മാത്രമാണ് സ്റ്റേജിതര മത്സരങ്ങളായ രചനാമത്സരങ്ങൾ കോട്ടൂർ എ.കെ.എം.എച്ച്.എസ്.എസിൽ നടക്കുക. അന്ന് ഘോഷയാത്രയും കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും രാജാസിൽ നടക്കും. 27- മുതൽ സ്റ്റേജിന മത്സരങ്ങളും ഇവിടെ ആരംഭിക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഉദ്ഘാടകനെ നിശ്ചയിച്ചിട്ടില്ല. കളക്ടറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാത്രമേ ഇതിൽ വ്യക്തത വരുകയുള്ളൂവെന്ന് ഡി.ഡി.ഇ. കെ.പി. രമേഷ് കുമാർ വ്യക്തമാക്കി. കലോത്സവത്തിലെ ഓവറോൾ ചാമ്പ്യന്മാർക്കുള്ള ട്രോഫി യുവകലാകാരനായ ഒതുക്കുങ്ങൽ സ്വദേശി ഷിബു സിഗ്നേച്ചർ ആണ് രൂപകൽപ്പന ചെയ്തത്. കലോത്സവത്തിൽ കലാപ്രതിഭകളെ വരവേൽക്കാൻ സ്വാഗതഗാന പരിശീലനവും രാജാസിൽ പുരോഗമിക്കുന്നു. ജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഒരുങ്ങുന്ന സ്വാഗതഗാനത്തിൽ ജില്ലയിലെ വിവിധ സ്കൂളുകളിലെ 35-ഓളം അധ്യാപകർ ഭാഗമാകും.
ഭക്ഷണപ്പന്തലിന്റെ നിർമാണം പൂർത്തിയായി. 10 കൗണ്ടറുകളിലായി 1200-ഓളം പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാൻ കഴിയുന്ന രീതിയിലാണ് ക്രമീകരണം. പാലക്കാട് കോങ്ങാട് വിനോദ് സ്വാമിയുടെ നേതൃത്വത്തിലുള്ള പാചകസംഘമാണ് കഴിഞ്ഞ തവണത്തെ പോലെ ഇക്കുറിയും പാചകമൊരുക്കുന്നത്.
മത്സരാർഥികൾക്കുള്ള പ്രാതലും പായസവുമടക്കമുള്ള വെജിറ്റേറിയൻ ഉച്ചഭക്ഷണവുമായിരിക്കും പാചകപ്പുരയിലൊരുങ്ങുക. ദിവസവും വിവിധ സമയങ്ങളിലായി ശരാശരി പതിനായിരത്തോളം പേർ ഭക്ഷണത്തിനുണ്ടാകുമെന്ന് ഭക്ഷണകമ്മിറ്റി കൺവീനർ ടി. രത്‌നാകരൻ പറഞ്ഞു.