മലപ്പുറം: ഉത്തരവാദിത്തം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന ശീര്‍ഷകത്തില്‍ അടുത്ത മാസം 27,28,29 തിയ്യതികളില്‍ തൃശൂരില്‍ നടക്കുന്ന കേരള യുവജന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എസ് വൈ എസ് മാനവ സഞ്ചാരത്തിന് വ്യാഴാഴ്ച (നവംബര്‍ 21) മലപ്പുറത്ത് ഉജ്ജ്വല സ്വീകരണം നല്‍കും. കാസര്‍കോഡ് നിന്നും ആരംഭിച്ച മാനവ സഞ്ചാരം എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബ്ദുല്‍ ഹകീം അസ്ഹരിയാണ് നയിക്കുന്നത്.
മാനവ സഞ്ചാരത്തിന്റെ ഭാഗമായി വ്യാഴാഴ്ച രാവിലെ 5.30ന് മലപ്പുറത്ത് നിന്നും വലിയങ്ങാടിയിലേക്ക് ഏര്‍ലിബേര്‍ഡ് കൂട്ടനടത്തം സംഘടിപ്പിക്കും. രാവിലെ 9ന് മലപ്പുറം ടൗണ്‍ ഹാളില്‍ ടേബിള്‍ ടോക്, 11ന് സൗഹാര്‍ദ്ദ സംഗമം ഉച്ചക്ക് 1ന് മീഡിയാ വിരുന്ന് 2.30ന് പ്രാസ്ഥാനിക സംഗമം എന്നിവയും നടക്കും. വൈകുന്നേരം നാലിന് കുന്നുമ്മല്‍ മൂന്നാംപടിയില്‍ നിന്നും ആയിരങ്ങള്‍ പങ്കെടുക്കുന്ന സൗഹാര്‍ദ്ദ നടത്തം സംഘടിപ്പിക്കും. 5ന് ടൗണ്‍ ഹാള്‍ പരിസരത്ത് മാനവസംഗമം നടക്കും. മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.
പ്രസ്തുത പരിപാടിയുടെ ഭാഗമായി കുന്നുമ്മല്‍ വാദിസലാമില്‍ സംഘടിപ്പിച്ച ഉണര്‍ത്തു സംഗമം എസ് വൈ എസ് ജില്ലാ സെക്രട്ടറി പി പി മുജീബ്‌റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. മാനവ സഞ്ചാരം ഉജ്ജ്വല വിജയമാക്കുന്നതിന് വിവിധ കര്‍മപദ്ധതികള്‍ ചര്‍ച്ച ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം സോണ്‍ പ്രസിഡന്റ് പി സുബൈര്‍ കോഡൂര്‍ അധ്യക്ഷത വഹിച്ചു. കരുവള്ളി അബ്ദുറഹീം, എം ദുല്‍ഫുഖാര്‍ അലി സഖാഫി, സിദ്ദീഖ് മുസ്‌ലിയാര്‍ മക്കരപ്പറമ്പ്, അഹ്‌മദ് മാസ്റ്റര്‍ കോഡൂര്‍, അഹ്‌മദലി വരിക്കോട്, ബദ്‌റുദ്ദീന്‍ കോഡൂര്‍ എന്നിവര്‍ പ്രസംഗിച്ചു.