കണ്ണമംഗലം: കണ്ണമംഗലം ഗ്രാമപ്പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നിശല്യംകൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് കർഷകരും നാട്ടുകാരും.
ചേറൂർ മതുക്കപറമ്പ്, പടപ്പറമ്പ്, മഞ്ഞേങ്ങര, കിളിനക്കോട് ചാലിപ്പാടം തുടങ്ങിയ ഇടങ്ങളിലാണ് ഇവ രാത്രികാലങ്ങളിൽ കൂട്ടമായി കൃഷിയിടങ്ങളിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നത്.
ഗ്രാമപ്പഞ്ചായത്തിലെ കൃഷിയിടങ്ങൾ ഊരകം മലയോടു ചേർന്നിരിക്കുന്നതും ഇവിടത്തെ അനുകൂലമായ കാലാവസ്ഥയുമാണ് ഇവ കൃഷിയിടത്തിലെത്തിച്ചേരുന്നതിന് കാരണമാകുന്നത്. ഈ പ്രദേശങ്ങളിൽ കൂടുതലായി കൃഷിചെയ്യുന്ന കപ്പ, മധുരക്കിഴങ്ങ്, ചേമ്പ്, ചേന തുടങ്ങിയവയാണ് പ്രധാനമായും നശിപ്പിക്കുന്നത്. ഇതിനിടയിൽ വാഴ, നെല്ല് എന്നിവയുൾപ്പെടെ മറ്റു കൃഷികളും ഇവയുടെ അക്രമത്തിനിരയാകുന്നുണ്ട്.
കൂടുതൽ സ്ഥലങ്ങളിലേക്ക് ഇവയുടെ ആക്രമണം വ്യാപിച്ചുവരുന്നതായും കർഷകർ പറയുന്നു. രാത്രികാലങ്ങളിൽ ഒരു കൃഷിയിടത്തിൽനിന്ന് മറ്റൊരു കൃഷിയിടത്തിലേക്ക് കൂട്ടത്തോടെ റോഡിലൂടെയുള്ള ഇവയുടെ യാത്ര ജനങ്ങളുടെ ജീവനും ഭീഷണിയാണ്. ഇവിടെയുള്ളവർ വീടിന്റെ പരിസരത്തും മറ്റും കൃഷിചെയ്യുന്ന പാകമാകാറായ വിളകളും ഇവ നശിപ്പിക്കുന്നു. ഇതിനാൽ കർഷകരുടെ മാസങ്ങളോളമുള്ള അധ്വാനമാണ് യാതൊരു ഫലവും ലഭിക്കാതെ നഷ്ടത്തിലാകുന്നത്.
ഇവയെ പ്രതിരോധിക്കാൻ പലമാർഗങ്ങളും നാട്ടുകാരും കർഷകരും ഒരുക്കുന്നുണ്ട്. ഇതിന് ഗ്രാമപ്പഞ്ചായത്തിന്റെ പിന്തുണയുമുണ്ട്. എന്നാൽ വീടുകളിൽനിന്ന് ആളനക്കമുണ്ടായാൽ ആ നിമിഷം ഇവ ഓടിമറയും. ഒരുദിവസം ഇവ വന്ന പാടശേഖരങ്ങളിൽ കർഷകർ കെണിയൊരുക്കിയും
വെടിവെക്കാനും തയ്യാറായി നിൽകുമ്പോൾ അടുത്തതവണ ഈ പാടശേഖരങ്ങളിൽ ഇവയെത്തുന്നില്ല എന്നതാണ് കർഷകരെ കുഴക്കുന്നത്. ജനങ്ങളുടെ ജീവനും കാർഷികവിളകൾക്കും ഭീഷണിയായ ഈ പ്രശ്‌നം പരിഹരിക്കാൻ ഉടനടി നടപടിവേണമെന്നാണ് ഇവിടെയുള്ളവർ ആവശ്യപ്പെടുന്നത്.