തേഞ്ഞിപ്പലം: എളമ്പുലാശ്ശേരി എ എൽ പി സ്കൂൾ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി കുട്ടികൾക്ക് ആറു സൈക്കിളുകൾ പുതുവത്സര സമ്മാനമായി നൽകി. പുഞ്ചിരി നിറയട്ടെ എന്ന പ്രമേയത്തിൽ ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന ക്യാമ്പയിന്റെ ഭാഗമായിട്ടാണ് സൈക്കിളുകൾ സമ്മാനിച്ചത്.
തേഞ്ഞിപ്പലം പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന ഭിന്നശേഷി കുട്ടികൾക്കാണ് സൈക്കിളുകൾ ലഭിച്ചത്. സീനിയർ ചേമ്പർ ഇന്റർനാഷണൽ രാമനാട്ടുകര ലീജിയന്റെ സഹകരണത്തോടെയാണ് സൈക്കിളുകൾ ലഭ്യമാക്കിയത്.
ആഷ്മിക്, ആദിൽ, ഗൗരി, അനീഘ, ആയിഷ അഫ്‌റ, റിദ മറിയം എന്നീ കുട്ടികൾക്കാണ് സൈക്കിളുകൾ സമ്മാനമായി ലഭിച്ചത്. ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളുടെ കൂട്ടായ്മയായ പരിവാർ തേഞ്ഞിപ്പലത്തിന്റെ സഹായത്തോടെയാണ് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഒന്നാം ക്ലാസുകാരായ ഭിന്ന ശേഷി കുട്ടികളെ കണ്ടെത്തിയത്.
സീനിയർ ചേമ്പർ ഇന്റർനാഷണൽ രാമനാട്ടുകര ലീജിയൻ പ്രസിഡന്റ് ടി കെ രാധാകൃഷ്ണൻ വിതരണോദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് പി എം ഷർമിള അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ എം മോഹനകൃഷ്ണൻ, കൈത്താങ്ങ് കോർഡിനേറ്റർ പി മുഹമ്മദ് ഹസ്സൻ,എം അഖിൽ,സീനിയർ ചേമ്പർ ഇന്റർനാഷണലിന്റെ പ്രവർത്തകരായ കെ മുരളീധരൻ, കെ പി വത്സരാജൻ, അശോക് കുമാർ കെ ടി, വി സുരേഷ്, കെ അബ്ദുള്ള കുട്ടി, കെ മുരളീധരൻ, സി കെ ഷാഹിൻ, ലയൺസ് ക്ലബ് സെക്രട്ടറി കെ ആർ ശ്രീഹരി എന്നിവർ പ്രസംഗിച്ചു.