വേങ്ങര: വേങ്ങര സബാഹ് സ്‌ക്വയർ ഹെൽത്ത് ക്ലബ് യോഗാ സൗഹൃദ കൂട്ടായ്മയുടെ ഒന്നാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഹെൽത്ത് ക്ലബ് ചീഫ് ട്രയ്നർ മൊയ്‌ദീൻ കുട്ടിയുടെ നേതൃത്വത്തിൽ നടന്ന യോഗാ പരിശീലനത്തിന് ശേഷം ചക്ര ഷൂ ധരിച്ച കുട്ടികൾ മുന്നിലും തൊട്ട് പിറകിൽ സബാഹ് സ്‌ക്വയർ റണ്ണിങ് ടീമും അവർക്ക് പിറകിലായി യോഗാ അംഗങ്ങളും അണിനിരന്ന പ്രകടനത്തോടെ വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് നടന്ന സ്റ്റേജ് പ്രോഗ്രാം സബാഹ് സ്‌ക്വയർ ഹെൽത്ത് ക്ലബ് ചീഫ് കോ ഓർഡിനേറ്റർ അസ്‌കർ കെ പി യുടെ അധ്യക്ഷതയിൽ ഹെൽത്ത് ക്ലബ് ചീഫ് ട്രയ്നർ മൊയ്‌ദീൻ കുട്ടി ഉദ്ഘാടനം ചെയ്തു.
ജീവിത ശൈലി രോഗങ്ങൾ തടയിടുന്നതിൽ യോഗക്കുള്ള പ്രാധാന്യം ഊന്നി പറഞ്ഞ അദ്ദേഹം വ്യായാമത്തിനൊപ്പം ഭക്ഷണ രീതിയും ക്രമീകരിക്കേണ്ടതിന്റെ ആവശ്യകത സൂചിപ്പിച്ചു. വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കൂട്ടായ്മയിലെ അംഗങ്ങളുടെ ഓട്ട മത്സരത്തിലെ വിജയികൾക്ക് ചടങ്ങിൽ സമ്മാനം നൽകി. സബാഹ് കുണ്ടുപുഴക്കലിനും മൊയ്‌ദീൻ കുട്ടി എടക്കാപറമ്പിനും കോ ഓർഡിനേറ്റർ ബഷീർ പി കെ കൂട്ടായ്മയുടെ സ്നേഹോപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ ബഷീർ എൽ സ്വഗതവും ബഷീർ പി കെ നന്ദിയും പറഞ്ഞു.