വേങ്ങര: രോഗിയായ അമ്മയും രണ്ട് പെൺകുട്ടികളുമടങ്ങുന്ന നിർധന കുടുംബത്തിനു ഒരു ബി. പി. എൽ റേഷൻ കാർഡ് അനുവദിക്കാൻ മുട്ടാത്ത വാതിലുകളില്ല. നിത്യ വരുമാനമില്ലാത്ത ഈ കുടുംബത്തിനു അനുവദിച്ച പൊതുവിഭാഗത്തിൽ പെട്ട റേഷൻ കാർഡ് മാറ്റി ബി പി എൽ വിഭാഗത്തിൽ പെട്ട ചുവന്ന റേഷൻ കാർഡ് അനുവദിക്കുന്നതിനു വേണ്ടി കയറിയിറങ്ങാത്ത സർക്കാർ ഓഫീസുകളും ഇനിയില്ലെന്നു ഇവർ പറയുന്നു. വേങ്ങര ഗ്രാമ പഞ്ചായത്തിൽ മൂന്നാം വാർഡിലെ പരപ്പൻചിനയിൽ വേങ്ങരയിലെ പാലിയേറ്റീവ് പ്രവർത്തകർ വൃത്തിയാക്കിയ പഴയ ഓടിട്ട വീട്ടിൽ താമസിക്കുന്ന അമ്പാടി സുലൈഖയാണ് ഈ ഹതഭാഗ്യ. രണ്ട് പെൺകുട്ടികളെക്കൂടി പരിചരിക്കാൻ കഴിയാത്തതിനാൽ ദൂരെയുള്ള അഗതി മന്ദിരത്തിൽ ആക്കിയിരിക്കുകയാണ് ഈ കുടുംബം. ഇവർ ബി. പി. എൽ വിഭാഗത്തിൽ ഉൾപ്പെടുന്നതായി വേങ്ങര ഗ്രാമ പഞ്ചായത്തിലെ ഗ്രാമ സേവകൻ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അത് പോലെ ഗ്രാമ പഞ്ചായത്ത് അധികൃതരും ബി. പി. എൽ ലിസ്റ്റിൽ ഉൾപ്പെടുത്തിയ കുടുംബമാണെന്ന് സാക്ഷ്യപത്രം നൽകിയിട്ടുണ്ട്. ഇതൊക്കെ സമർപ്പിച്ചിട്ടും ഇവർക്ക് ബി പി എൽ റേഷൻ കാർഡ് അനുവദിക്കാൻ അധികൃതർക്ക് ഇന്ന് വരെ ആയിട്ടില്ല. ഈ നീതി നിഷേധത്തിനെതിരെ, മന്ത്രിമാരുടെ താലൂക്ക് തല അദാലത്തായ കരുതലും കൈത്താങ്ങും പരിപാടിയിൽ പരാതി നൽകി കാത്തിരിക്കുകയാണ് അമ്പാടി സുലൈഖയും കുടുംബവും.
വേങ്ങരയിലെ സുലൈഖയും രണ്ട് പെൺകുട്ടികളും: ബി പി എൽ റേഷൻ കാർഡിന് മുട്ടാത്ത വാതിലുകളില്ല
admin