• പ്രതി അനീഷ്‌കുമാർ (വലത്തുനിന്ന് രണ്ടാമത്) സൈബർ പോലീസ് സംഘത്തോടൊപ്പം
മലപ്പുറം: വേങ്ങര സ്വദേശിയുടെ ഒരുകോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതികളിലൊരാളെ മലപ്പുറം സൈബർ പോലീസ് ബിഹാറിൽനിന്ന് അറസ്റ്റുചെയ്തു. ബിഹാർ സ്വദേശി അനീഷ്‌കുമാർ എന്ന സോനുവാണ് പിടിയിലായത്.
ഷെയർ ട്രേഡിങ് ചെയ്ത് മികച്ച ലാഭമുണ്ടാക്കാമെന്നു വിശ്വസിപ്പിച്ചാണ് പ്രതികൾ 1.8 കോടി രൂപ തട്ടിയെടുത്തത്. വേങ്ങര പോലീസ്‌സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം തുടരന്വേഷണം നടത്തുന്നതിനായി മലപ്പുറം സൈബർ ക്രൈം പോലീസ് ഇൻസ്പെക്ടർ ഐ.സി. ചിത്തരഞ്ജന് കൈമാറുകയായിരുന്നു. പ്രതിയെ അന്വേഷിച്ച് കർണാടകയിലെത്തിയ പോലീസ് സംഘം മടിക്കേരിയിലെ വാടക വീട്ടിൽവെച്ച് ഡൽഹി സ്വദേശിയായ റോഷനെ കഴിഞ്ഞ മേയിൽ അറസ്റ്റുചെയ്തിരുന്നു. ഇയാളിൽനിന്ന് 50,000 സിം കാർഡുകളും, 180 ലേറെ മൊബൈൽ ഫോണുകളും അന്ന് പിടികൂടിയതോടെയാണ് ഈ കേസിൽ വഴിത്തിരിവാകുന്നത്. തുടർന്ന് മറ്റൊരു പ്രതിയെ ഹരിയാണയിൽനിന്ന് പിടികൂടി.
തുടരന്വേഷണത്തിലാണ് അനീഷ്‌കുമാറിനെക്കുറിച്ച് വിവരം ലഭിക്കുന്നത്. ഐ.സി. ചിത്തരഞ്ജന്റെ നേതൃത്വത്തിൽ ബിഹാറിലെത്തിയ മലപ്പുറം സൈബർ സ്ക്വാഡ് അംഗങ്ങളായ സബ് ഇൻസ്പെക്ടർ മധുസൂദനൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷൈജൽ പടിപ്പുര, കെ.എം ഷാഫി പന്ത്രാല എന്നിവർ ദിവസങ്ങളോളം അവിടെ ക്യാമ്പ്‌ചെയ്തു. പ്രതിയുടെ നീക്കങ്ങൾ രഹസ്യമായി നിരീക്ഷിച്ച് പിന്തുടർന്നു. സ്ക്വാഡ് അംഗങ്ങളുടെ രഹസ്യനീക്കം മനസ്സിലാക്കിയ പ്രദേശവാസികൾ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും പ്രതിയെ സാഹസികമായി അറസ്റ്റുചെയ്യുകയായിരുന്നു. മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.