ദാറുൽഹുദ സമ്മേളനം ഇന്ന് സമാപിക്കും
തിരൂരങ്ങാടി : രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഇല്ലാതാക്കുന്നതിനുള്ള ശ്രമങ്ങളാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ. പറഞ്ഞു.
രാജ്യത്തെ മസ്ജിദുകൾ തകർക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നുണ്ട്. ബോധപൂർവം വർഗീയത വളർത്തി ജനങ്ങളെ വിഭജിക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നു. ജുഡീഷ്യറിയെപ്പോലും കൈപ്പിടിയിലൊതുക്കാനുള്ള ശ്രമങ്ങളുമുണ്ട്. ജനാധിപത്യത്തെയും നമ്മുടെ ഭരണഘടനയെയും ഇല്ലാതാക്കുന്നതിനെ എതിർക്കണമെന്നും ചെന്നിത്തല പറഞ്ഞു.ചെമ്മാട് ദാറുൽഹുദ ഇസ്‌ലാമിക സർവകലാശാല റൂബി ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി നടന്ന മൈനോറിറ്റി കൺസേൺ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു. ശാഫി ഹാജി അധ്യക്ഷതവഹിച്ചു. ബി.എസ്.കെ. തങ്ങൾ പ്രാർഥനയ്ക്ക്് നേതൃത്വംനൽകി. പി. അബ്ദുൽഹമീദ് എം.എൽ.എ., പി.ടി.എ. റഹീം എം.എൽ.എ., ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, സി.പി. സൈതലവി, അബൂബക്കർ ഫൈസി മലയമ്മ, അഡ്വ. കെ.പി. നൗഷാദലി, അബ്ദുറഹ്‌മാൻ രണ്ടത്താണി തുടങ്ങിയവർ പ്രസംഗിച്ചു.
ചെമ്മാട് ദാറുൽഹുദ ഇസ്‌ലാമിക് സർവകലാശായുടെ റൂബി ജൂബിലി ബിരുദദാന സമ്മേളനം ഞായറാഴ്ച സമാപിക്കും.
വൈകുന്നേരം അഞ്ചിന് നടക്കുന്ന സമാപനസമ്മേളനം സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനംചെയ്യും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പങ്കെടുക്കും.