തിരൂരങ്ങാടി: വെഞ്ചാലി വയലിന്റെ വിവിധഭാഗങ്ങളിൽ നടത്തിയ ഏഷ്യൻ വാട്ടർബേഡ് സെൻസസിൽ മേഖലയിൽ പക്ഷിവൈവിധ്യങ്ങൾ കുറഞ്ഞതായി കണ്ടെത്തി.
വയലുകളിലും തണ്ണീർത്തടങ്ങളിലും സന്ദർശകരുടെ സാന്നിധ്യവും മനുഷ്യഇടപെടലുകളും വർധിച്ചതാകാം പക്ഷികൾ കുറയാൻ ഇടയാക്കുന്നതെന്നാണ് സർവേ നടത്തിയവരുടെ നിഗമനം. 69 ഇനം പക്ഷികളെയാണ് ഈ ഭാഗങ്ങളിൽ കണ്ടെത്തിയത്. മുൻവർഷങ്ങളിൽ 80-ലേറെ ഇനം പക്ഷികളെ ഇവിടങ്ങളിൽ കണ്ടെത്തിയിരുന്നു.
മുൻവർഷങ്ങളിൽ സ്ഥിരമായി കണ്ടിരുന്ന വർണകൊക്ക്, കന്യാസ്ത്രീ കൊക്ക് തുടങ്ങിയ പക്ഷികളെ ഈ വർഷം കണ്ടെത്താനായില്ല. കേരളത്തിൽ അപൂർവമായി കാണുന്ന ചാരത്തലയൻ തിത്തിരിയുടെ 12 പേരടങ്ങുന്ന കൂട്ടത്തെ ഇപ്രാവശ്യവും കണ്ടെത്തി. ദേശീയ പക്ഷി ദിനത്തോടനുബന്ധിച്ച് പി.എസ്.എം.ഒ. കോളേജ് ഭൂമിത്രസേന ക്ലബ്, മലപ്പുറം സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മ, മലപ്പുറം ബേഡേഴ്‌സ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സർവേ. സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി.എസ്. മുഹമ്മദ് നിഷാൽ ഉദ്ഘാടനംചെയ്തു. വി.പി. ഖാദർ ഹാജി അധ്യക്ഷനായി.