വയലിൽ മിനി മാസ്റ്റ് ലൈറ്റ് : തീവ്ര വെളിച്ചത്തിൽ നെല്ലിന് കതിര് വരുന്നില്ല കർഷകർ ദുരിതത്തിൽ

വേങ്ങര : വേങ്ങര ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിൽ സ്ഥാപിച്ച ''എൽ. ഇ. ഡി മിനി മാസ്റ്റ് ലൈറ്റ്'' വയലിലെ നെൽകൃഷിക്ക് ദോഷകരമാവുന്നുവെന്ന് പരാതി. ഒന്നാം വാർഡിൽ തിരുത്തി റോഡിനു മുൻവശത്തായി ചെറാട്ട് പള്ളിക്ക് സമീപം ചുറ്റുപാടും വെളിച്ചം വിതറുന്ന ലൈറ്റ് 2024 മാർച്ചിലാണ് സ്ഥാപിക്കുന്നത്. ഈ വർഷം വയലിൽ ഏക്കർ കണക്കിന് നെൽകൃഷിയിറക്കിയ കർഷകരാണ് യഥാസമയത്ത് കതിര് വരുന്നില്ലെന്ന് കണ്ട് അന്ധാളിപ്പിലായത്. വിവരം കൃഷി ഓഫീസിൽ അറിയിച്ചതോടെ കതിര് വരാതിരിക്കാൻ കാരണം രാത്രി കാലങ്ങളിൽ മിനി മാസ്റ്റ് ലൈറ്റിൽ നിന്നുള്ള വെളിച്ചമാണെന്ന് കണ്ടെത്തുകയായിരുന്നു. രാത്രി കാലങ്ങളിലെ തീവ്ര വെളിച്ചം കതിര് വരാൻ കാലതാമസമുണ്ടാക്കുമെന്നു വേങ്ങര കൃഷി ഭവനിലെ ഉദ്യോഗസ്ഥർ മാധ്യമത്തോട് പറഞ്ഞു. 


കൃഷി ഭവൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. നേരത്തെ വലിയോറ ഇല്ലിച്ചിറ വയലിലും, ഊരകത്തും ഇങ്ങനെ ലൈറ്റ് കാരണം കതിര് വരാത്ത പ്രശ്നം ഉണ്ടായിരുന്നെന്നു കർഷകർ പറയുന്നു. കതിര് വരുന്ന രണ്ട് മാസങ്ങളിലെങ്കിലും രാത്രി കാലങ്ങളിൽ വയലിലെ എൽ. ഇ. ഡി ലൈറ്റ് അണക്കണമെന്നാണ് നെൽകർഷകരുടെ ആവശ്യം. 2024 ൽ വേങ്ങര എം. എൽ. എ പി. കെ കുഞ്ഞാലിക്കുട്ടിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മാണം പൂർത്തിയാക്കിയ 25 മിനി മാസ്റ്റ് ലൈറ്റുകളിൽ ഒന്നാണിത്. അതേ സമയം, സ്ഥല സൗകര്യം പരിഗണിക്കാതെ വയലിൽ തീവ്ര വെളിച്ചമുള്ള വൈദ്യുതി വിളക്കുകൾ സ്ഥാപിച്ചതാണ് അബദ്ധമായതെന്നു വാർഡ്‌ മെമ്പറും പറയുന്നു. ഇക്കഴിഞ്ഞ ദിവസം നടന്ന വേങ്ങര വില്ലേജ് സഭയിലും ഈ വിഷയം വിവരാവകാശ പ്രവർത്തകനായ എ. പി അബൂബക്കർ ഉന്നയിച്ചിട്ടുണ്ടെന്നറിയുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}