കൊളപ്പുറം: കോഴിക്കോട് തൃശ്ശൂർ ദേശീയപാതാ പുനർനിർമാണത്തിന്റെ ഭാഗമായി പ്രവൃത്തിനടക്കുന്ന കൊളപ്പുറം മുതൽ കൂരിയാട് വരെയുള്ള ഭാഗത്ത് ഗതാഗതക്കുരുക്കൊഴിയാതെ ബുദ്ധിമുട്ടുകയാണ് ജനങ്ങൾ. പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനേയും കോഴിക്കോട് വിമാനത്താവളത്തേയും തമ്മിൽ നേരിട്ട് ബന്ധിപ്പിക്കുന്ന അരീക്കോട് സംസ്ഥാനപാത നെടുകെമുറിച്ച ഭാഗത്ത് കുറേകാലം സ്റ്റേ നിലനിൽക്കുകയായിരുന്നു. ഇതുമാറി ഇവിടെ പണിതുടങ്ങിയതുമുതൽ തുടങ്ങിയതാണ് ഈ ഭാഗത്തെ ഗതാഗതക്കുരുക്ക്.
വിമാനത്താവളത്തിലേക്കുള്ളയാത്രക്കാരും കോട്ടയ്ക്കൽ ഭാഗത്തുനിന്ന് കോഴിക്കോട് മെഡിക്കൽ കോളേജുൾപ്പെടെയുള്ള ആശുപത്രിയിലേക്കും കണ്ണമംഗലം, കുന്നുംപുറം, എ.ആർ.നഗർ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് തിരൂരങ്ങാടി താലൂക്കാശുപത്രിയിലേക്കും പോകുന്നവരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. അവശരായ രോഗികളെ കൊണ്ടുപോകുന്ന ആംബുലൻസുപോലും ഇവിടെ കുരുക്കിലാവുകയാണ്. ജനങ്ങൾ എത്ര പ്രതിഷേധിച്ചിട്ടും അധികൃതർ ഇതുവരെ ഇതിനൊരു പരിഹാരവും കണ്ടിട്ടില്ല. എത്രയുംപെട്ടെന്ന് ഇതിനൊരു പരിഹാരം കാണണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.