കോട്ടയ്ക്കൽ: ഇൻസ്റ്റഗ്രാമിലൂടെ പ്രണയംനടിച്ച് പതിനേഴുകാരിയെ പീഡിപ്പിച്ച പോക്സോ കേസിൽ രണ്ടുയുവാക്കൾ അറസ്റ്റിൽ. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഒന്നാംപ്രതി തൃശ്ശൂർ കേച്ചേരി നാലകത്ത് പൊടുവിങ്ങൽ അമൽ അഹമ്മദ് (21), പീഡനത്തിനായി കാർ നൽകി ഒത്താശ ചെയ്തതിന് രണ്ടാംപ്രതി മലപ്പുറം മുണ്ടുപറമ്പ് പുല്ലാനി മുബഷിർ (32) എന്നിവരെ കോട്ടയ്ക്കൽ പോലീസ് അറസ്റ്റുചെയ്തു.
2023 മാർച്ച് മുതൽ 2025 ഫെബ്രുവരി വരെയുള്ള കാലയളവിൽ പതിനേഴുകാരിയായ പെൺകുട്ടിയെ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയം നടിക്കുകയും വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച് നഗ്നദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു. നഗ്നദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വിവിധയിടങ്ങളിൽക്കൊണ്ടുപോയി അമൽ അഹമ്മദ് പെൺകുട്ടിയെ പീഡിപ്പിച്ചു. നഗ്നദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കാതിരിക്കാനായി ഒരു ലക്ഷംരൂപ ആവശ്യപ്പെട്ട് പെൺകുട്ടിയെ യുവാക്കൾ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പരാതിയിൽ വ്യാഴാഴ്ച കോട്ടയ്ക്കൽ സി.ഐ. വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിൽ പ്രതികളെ പരപ്പനങ്ങാടി, ഇരുമ്പുഴി എന്നിവിടങ്ങളിൽ വെച്ച് പിടികൂടി. എ.എസ്.ഐ.മാരായ ഷൈലേഷ്, ബുഷ്‌റ, സി.പി.ഒ. ബിജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.