മലപ്പുറം: പരിവാർ വേങ്ങര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞായറാഴ്ച വേങ്ങര പഞ്ചായത്തിലെ ഭിന്നശേഷിക്കാർക്ക് സംഘടിപ്പിച്ച ഭിന്നശേഷി വിനോദ യാത്ര ശ്രദ്ധേയമായി. വേങ്ങര പഞ്ചായത്തിലെ അൻപതോളം ഭിന്നശേഷിക്കാരും അവരുടെ കുടുംബവും വിനോദയാത്രയിൽ പങ്കെടുത്തു.
വേങ്ങരയിൽനിന്ന് അതിരാവിലെ പുറപ്പെട്ട് ഗുരുവായൂർ ആന പന്തി, ചാവക്കാട് ബീച്, ചേരമാൻ മസ്ജിദ്, ലുലു മാൾ, മറൈൻ ഡ്രൈവ് എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. മറൈൻ ഡ്രൈവിലെ ബോട്ട് യാത്രയും വേങ്ങര എം എൽ എ കുഞ്ഞാലികൂട്ടി സാഹിബിന്റെ ഇടപെടൽ കാരണം ലുലു മാളിൽ പ്രതേക സ്വീകരണവും ലുലുമാളിലെ പാർക്കിൽ എല്ലാവർക്കും സൗജന്യമായി റൈഡുകളിൽ കയറാൻ അവസരവും ലഭിച്ചു. തിരിച്ചുപോകുമ്പോൾ എല്ലാവർക്കും വെള്ളവും, ജ്യൂസും നൽകിയാണ് ലുലു മാൾ യാത്രയാക്കിയത്.
വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ, പരിവാർ വേങ്ങര ബ്ലോക്ക് കോഡിന്നേറ്റർ പ്രഭാകരൻ, റഷീദ്, ഹംസകൂട്ടി, മറ്റു പരിവാർ വേങ്ങര പ്രവർത്തകർ എന്നിവർ യാത്രക്ക് നേതൃത്വം നൽകി. സഹായങ്ങൾക്ക് വേങ്ങര ട്രോമാ കെയറിൽ നിന്നുള്ള ഉനൈസ് വലിയോറ, അഷ്‌റഫ് എ ടി, അനുജിത് എന്നിവരുടെ സേവനവും ലഭ്യമാക്കിയിരുന്നു.