'ചതിക്കുന്ന ലഹരിയോട്, ജീവിതം സുന്ദരമാണ്'

കോട്ടയ്ക്കൽ : സമൂഹത്തിൽ അതിവേഗം പടർന്നുപിടിക്കുന്ന രാസലഹരിയുടെ ഉപയോഗത്തിനെതിരേ അതിശക്തമായ പോരാട്ടം നടക്കേണ്ട ഇന്നത്തെ സാഹചര്യത്തിൽ വിദ്യാലയങ്ങളും വിദ്യാർഥികളും മുന്നിട്ടിറങ്ങേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അഡീഷണൽ എസ്‌പി ഫിറോസ് എം. ഷഫീഖ്.

ലഹരി ഉപയോഗിക്കാത്ത ജീവിതംതന്നെയാണ് ഇതിനെതിരേയുള്ള സന്ദേശം. അതിനായി വിദ്യാലയങ്ങൾ ജാഗ്രത കാണിക്കണം. കേരള പോലീസിന്റെ ലഹരിക്കെതിരേയുള്ള യോദ്ധാവ് പദ്ധതിയുമായി സഹകരിച്ച് ജില്ലാ പോലീസിന്റെ സഹകരണത്തോടെ എടരിക്കോട് പികെഎംഎംഎച്ച്എസ്എസ് ഏറ്റെടുത്ത് നടത്തുന്ന ‘ചതിക്കുന്ന ലഹരിയോട്, ജീവിതം സുന്ദരമാണ്’ കാമ്പെയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരു വർഷം നീണ്ടതാണ് ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി. ഇതിന്റെ ഭാഗമായി സ്‌കൂളിലെ 7000-ലധികം വിദ്യാർഥികളിൽ ഒരു വിദ്യാർഥി 20 ആളുകളെ ലഹരിവിരുദ്ധ പ്രതിജ്ഞ ഉൾപ്പെടുന്ന ലഘുലേഖ നൽകി ബോധവത്കരിച്ച് ആളുകളുടെ വിവരങ്ങൾ ശേഖരിച്ച് സമർപ്പിക്കും. 2026 ഏപ്രിൽ ഏഴുവരെ ഓരോ മാസത്തിലും രണ്ട് പ്രോഗ്രാമുകൾ വീതം ചാർട്ട് ചെയ്ത പ്രോജക്ടാണ് സ്‌കൂളിൽ നടപ്പാക്കുന്നത്.

മേയ് അഞ്ചിന് ആദ്യഘട്ട റിപ്പോർട്ട് മലപ്പുറം എസ്‌പിക്ക് സമർപ്പിക്കാനും സെപ്റ്റംബർ ഒന്നിന് രണ്ടാംഘട്ട റിപ്പോർട്ട് വിദ്യാഭ്യാസമന്ത്രിക്ക് സമർപ്പിക്കാനും 2026 ജനുവരി 26-ന് അവസാനഘട്ട റിപ്പോർട്ടും ഒരു ലക്ഷം ആളുകളുടെ പേരുവിവരങ്ങളും മുഖ്യമന്ത്രിക്ക് സമർപ്പിക്കാനും പദ്ധതി വിഭാവനം ചെയ്യുന്നു. സാമൂഹികമാധ്യമ കാമ്പെയിനുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പ്രതികരണങ്ങളടങ്ങിയ സോഷ്യൽ ഓഡിറ്റ് റിപ്പോർട്ട് ജില്ലാ പോലീസ് സൂപ്രണ്ട്, ഡിജിപി എന്നിവർക്ക് സമർപ്പിക്കും.

ചടങ്ങിൽ സ്‌കൂൾ മാനേജർ ബഷീർ എടരിക്കോട് അധ്യക്ഷനായി. കോട്ടയ്ക്കൽ എസ്എച്ച്ഒ വിനോദ് വലിയാട്ടൂർ ബ്രോഷർ പ്രകാശനം നിർവഹിച്ചു. പ്രിൻസിപ്പൽ കെ. മുഹമ്മദ് ഷാഫി, പിടിഎ പ്രസിഡന്റ് സുധീഷ് പള്ളിപ്പുറം, വി.ടി. സുബൈർ തങ്ങൾ, ടി. അബ്ദുൽ മജീദ്, ഡോ. പി.എം. ആശിഷ്, പ്രമോദ് വാഴങ്കര, കെ.പി. നാസർ, നജ്‍ല സുഹൈൽ, ഇസ്ഹാഖ് അറക്കൽ, ബാബു ശിഹാബ്, ജംഷീദ തുടങ്ങിയവർ പ്രസംഗിച്ചു. ലഹരിക്കെതിരേയുള്ള ഗാനാലാപനം, പ്രതിജ്ഞ ചൊല്ലൽ എന്നിവയും നടന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}