മറ്റത്തൂർ തടയിണ പദ്ധതി പ്രദേശം പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ സന്ദർശിച്ചു

വേങ്ങര: വേങ്ങര നിയോജക മണ്ഡലത്തിലെ ഒതുക്കങ്ങൽ ഊരകം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കൊണ്ട് കടലുണ്ടിപ്പുഴക്ക് കുറുകെ നിർമിക്കുന്ന മറ്റത്തൂർ തടയിണയുടെ പദ്ധതി പ്രദേശം പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ സന്ദർശിച്ച് ഇൻവെസ്റ്റിഗേഷൻ പ്രവർത്തനങ്ങൾ വിലയിരുത്തി. ഒതുക്കുങ്ങൽ ഗ്രാമ പഞ്ചായത്തിലെ മറ്റത്തൂർ പ്രദേശത്തെയും ഊരകം ഗ്രാമ പഞ്ചായത്തിലെ മണിക്കുത്ത് കടവ് പ്രദേശത്തെയും ബന്ധിപ്പിച്ച് കൊണ്ടാണ് നിർദ്ധിഷ്ട തടയണ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ഇതിനായി 2023 ബജറ്റിൽ രണ്ട് കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

പാണക്കാട് ചാമക്കയം ചെക്ക്ഡാമിനും മറ്റത്തൂർ കടവിനുമിടയിൽ വേനൽകാലത്ത് അനുഭവപ്പെടുന്ന രൂക്ഷമായ ജലക്ഷാമത്തിന് പരിഹാരമായിട്ടാണ് പ്രസ്തുത  പ്രദേശത്ത് ഒരു തടയണ നിർമിക്കുക എന്ന നിർദ്ദേശം പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ സർക്കാരിനു മുന്നിൽ വെക്കുന്നത്.  എം എൽ എ യുടെ നിർദ്ദേശ പ്രകാരം 2022-23 ബഡ്‌ജറ്റിൽ പ്രസ്തുത പ്രവർത്തി ഉൾപെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ബാക്കിക്കയം റെഗുലേറ്ററിന്റെ സംഭരണ ശേഷിയിൽ മുഴുവനായും വെള്ളം കെട്ടി നിർത്തിയാൽ നിർദ്ധിഷ്ട തടയിണ മുങ്ങിപോകുമെന്ന സാങ്കേതികത്വം പറഞ്ഞു സർക്കാരും ഡിപ്പാർട്മെന്റും പദ്ധതിക്ക് തടസ്സം നിന്ന  സാഹചര്യത്തിൽ എം  എൽ എ നേരിട്ട് വിഷയത്തിന്റെ ഗൗരവം മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് പദ്ധതി പുനരാരംഭിച്ചത്.

ബാക്കിക്കയം റെഗുലേറ്റർ നിലവിൽ വിവിധ കുടിവെള്ള പദ്ധതികളുടെ സ്രോതസ്സായി ഉപയോഗപ്പെടുത്തുന്നതിനാലും, മറ്റ് കാർഷിക ജലസേചന പദ്ധതികൾക്ക് ഉപയോഗപ്പെടുത്തുന്നതിനാലും പരമാവധി സംഭരണ ശേഷിയിൽ വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം ഉണ്ടാകാറില്ല. പൂർണ സംഭരണ ശേഷിയിൽ വെള്ളം കെട്ടി നിർത്തിയാൽ തന്നെയും ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ ചാമക്കയം മുതൽ മറ്റത്തൂർ വരെയുള്ള പ്രദേശത്ത് രൂക്ഷമായ ജലക്ഷാമം നേരിടുന്നുമുണ്ട്. ഈ സാഹചര്യങ്ങൾ കൊണ്ടെല്ലാം മറ്റത്തൂർ പ്രദേശത്ത് ഒരു തടയിണ അനിവാര്യമാണെന്നത് വസ്തുതയാണ്. 

12000 ഗുണഭോക്താക്കളുള്ള ഒതുക്കുങ്ങൽ പൊന്മള കുടിവെള്ള പദ്ധതി, 2500 ഗുണഭോക്താക്കളുള്ള ഊരകം കുടിവെള്ള പദ്ധതി, 4500 ഗുണഭോക്താക്കളുള്ള ഊരകം ജലമിഷൻ പദ്ധതി തുടങ്ങിയ വൻകിട പദ്ധതികൾക്ക് വെള്ളം ലഭ്യമാക്കുന്നതിനുള്ള കിണറുകൾ ഈ പ്രദേശത്താണ് നിർമ്മിക്കാൻ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ഇങ്കൽ വ്യവസായ പാർക്കിലേക്കുള്ള ജല സ്രോതസ്സായും കണക്കാക്കുന്നത് ഈ മേഖലയെ ആണ്. ഈ പ്രദേശത്ത് വേനൽ കാലത്ത് നേരിടുന്ന ജലക്ഷാമം മേൽ പറഞ്ഞ കുടിവെള്ള പദ്ധതികളെയൊക്കെ ദോഷകരമായി ബാധിക്കുമെന്ന കാര്യത്തിൽ പൊതുജനങ്ങളിലും ജനപ്രതിനിധികളിലും ആശങ്കയുണ്ട്. കൂടാതെ പ്രദേശത്ത് നിലവിലുള്ള ചെറുകിട കുടിവെള്ള പദ്ധതികളെയും ജലസേചന പദ്ധതികളെയും ജലക്ഷാമം ബാധിക്കുന്നുമുണ്ട്.  നിർദ്ധിഷ്ട തടയണ യാഥാർഥ്യമാകുന്നതോട് കൂടി ഈ ആശങ്കകൾക്കൊക്കെ പരിഹാരമാകുമെന്നുറപ്പാണ്.

ഇൻവെസ്റ്റിഗേഷൻ നടപടികൾ  മൂന്നാഴ്ചയ്ക്കുള്ളിൽ പൂർത്തികരിച്ച് റിപ്പോർട്ട് ഡിസൈൻ വിങ്ങിന് സമർപ്പിക്കും. ഡിസൈൻ അന്തിമമാകുന്നതോടെ ഡീറ്റൈൽഡ് എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്കായി സർക്കാരിലേക്ക് സമർപ്പിക്കുമെന്ന് മേജർ ഇറിഗേഷൻ അസിസ്റ്റന്റ് എഞ്ചിനീയർ ഷബീബ് എം എൽ എയെ അറിയിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡ്രന്റുമാരായ കെ കെ മൻസൂർ കോയ തങ്ങൾ, കടമ്പോട് മൂസ ഹാജി, വൈസ് പ്രസിഡന്റുമാരായ  വി കെ മൈമൂനത്ത്, ഫൗസിയ  പാലേരി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, ജന പ്രതിനിധികൾ, ഇറിഗേഷൻ ഓവർസിയർ ശ്യാംരാജ്  എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}