ബാംഗളൂരു: മലപ്പുറം തിരൂർ സ്വദേശിയായ യുവാവ് ബംഗളൂരുവില്‍ വാഹനാപകടത്തില്‍ മരിച്ചു. തിരൂർ വളമരുതൂർ കാവഞ്ചേരി കല്ലിങ്ങലകത്ത് കടകശ്ശേരി മുജീബ് റഹ്മാന്റെ മകൻ അബൂബക്കർ സയ്യാൻ (23) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 12.10ന് വൈറ്റ്ഫീല്‍ഡ് വർത്തൂർ പൊലീസ് സ്റ്റേഷന് മുന്നിലാണ് അപകടം.
സുഹൃത്തിനെ റൂമിലാക്കിയശേഷം ഹോട്ടലില്‍നിന്ന് ഭക്ഷണം വാങ്ങി താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ ലോറിയും അബൂബക്കർ സഞ്ചരിച്ച ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. ലോറി നിർത്താതെ പോയി. അപകടത്തിന്റെ ആഘാതത്തില്‍ യുവാവ് സംഭവസ്ഥലത്തുതന്നെ മരിച്ചു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി മേല്‍നടപടി സ്വീകരിച്ചു. കാഡുഗൊഡി ട്രാഫിക് പൊലീസ് കേസെടുത്തു. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചതായും ലോറി കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. അബൂബക്കർ സയ്യാൻ ബംഗളൂരു ഗാർഡൻ സിറ്റി യൂനിവേഴ്സിറ്റിയില്‍നിന്ന് കഴിഞ്ഞവർഷമാണ് ഫോറൻസിക് സയൻസില്‍ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്.
മാതാവ്: റജീന. സഹോദരങ്ങള്‍: അബൂബക്കർ റയ്യാൻ (പ്ലസ്ടു വിദ്യാർഥി), ഫാത്തിമ സിയ (എസ്.എസ്.എല്‍.സി വിദ്യാർഥി). ചൊവ്വാഴ്ച വൈകീട്ടോടെ ബംഗളൂരുവില്‍ പോസ്റ്റ് മോർട്ടം പൂർത്തിയാക്കി.
നടപടിക്രമങ്ങള്‍ക്ക് മുഗള്‍ സിറാജിന്റെ നേതൃത്വത്തില്‍ എ.ഐ.കെ.എം.സി.സി മാറത്തഹള്ളി ഏരിയ പ്രവർത്തകർ സഹായം നല്‍കി. ചൊവ്വാഴ്ച രാത്രിയോടെ മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകും. അർധരാരാത്രി 1.30ഓടെ കാവഞ്ചേരി മഹല്ല് ജുമുഅത്ത് പള്ളി ഖബർസ്ഥാനില്‍ ഖബറടക്കും.