രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ എണ്ണമാണ് വർധിച്ചത്. 2023–24 അധ്യായന വർഷത്തിൽ നിന്ന് 2024–25 വർഷത്തിലേക്കെത്തുമ്പോൾ ഇതര സംസ്ഥാന വിദ്യാർഥികളുടെ എണ്ണത്തിൽ 13 ശതമാനം വർധനവുണ്ടായി
തമിഴ്‌നാടിൽ നിന്നാണ് ഏറ്റവും കൂടുതൽ കുട്ടികൾ കേരളത്തിൽ പഠിക്കുന്നത്. ബാക്കിയുള്ളവരിൽ കൂടുതൽ പേരും അസം, പശ്ചിമ ബംഗാൾ, ബിഹാർ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.
അസം ആണ് മുകളിലുള്ള സംസ്ഥാനങ്ങളിൽ മുന്നിൽ, 3,882 വിദ്യാർഥികൾ. പശ്ചിമ ബംഗാളിൽ നിന്ന് 3,758ഉം ബിഹാറിൽ നിന്ന് 3380ഉം ഉത്തർപ്രദേശിൽ നിന്ന് 2,731 വിദ്യാർഥികളും കേരളത്തിൽ പഠിക്കുന്നു.
ശതമാനടിസ്ഥാനത്തിൽ ബിഹാറിൽ നിന്നുള്ള വിദ്യാർഥികളുടെ എണ്ണത്തിലാണ് കൂടുതൽ വർധനവുണ്ടായിരിക്കുന്നത്, 28.4%.
മറ്റ് രാജ്യങ്ങളിൽ നിന്നുള്ള കുട്ടികളും കേരളത്തിൽ പഠിക്കുന്നുണ്ട്. 2024–25 അധ്യയന വർഷത്തിൽ 336 വിദ്യാർഥികളാണ് സംസ്ഥാനത്തെ സ്‌കൂളുകളിലെത്തിയത്. ഇതിൽ 332 പേരും നേപ്പാളിൽ നിന്നുള്ളവരാണ്. ശ്രീലങ്ക, ഫിലിപ്പൈൻസ്, മാലിദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളും കേരളത്തിൽ പഠിക്കുന്നു.
കഴിഞ്ഞ അധ്യയന വർഷത്തിൽ നേപ്പാളിന് പുറമേ റഷ്യ, യുഎഇ, കുവൈത്ത് രാജ്യങ്ങളിൽ നിന്നുള്ളവരും കേരളത്തിൽ പഠിച്ചിരുന്നു. 340 പേരാണ് 2023–24 വർഷം കേരളത്തിൽ പഠിച്ച വിദേശ വിദ്യാർഥികൾ.
ഡയറക്‌ടർ ഓഫ് ജനറൽ എഡുക്കേഷനിൽ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലായി 2023-24 വർഷത്തിൽ 21,299 ഇതര സംസ്ഥാന വിദ്യാർഥികൾ പഠിച്ചിരുന്നു. ഇത് 2024-25 വർഷത്തിലേക്കെത്തുമ്പോൾ 24,525 ആയാണ് വർധിച്ചിരിക്കുന്നത്. അതായത് 15.14 ശതമാനത്തിന്റെ വർധന