കൊണ്ടോട്ടി: പതിനാലു വർഷത്തിനു ശേഷം തിരിച്ചെത്തിയ കൊണ്ടോട്ടി നേർച്ചയെ നെഞ്ചിലേറ്റി നാട്. രാവിനെ പകലാക്കി കൊണ്ടോട്ടി നേർച്ചയുടെ ആവേശം കണ്ടറിയാൻ നാടും നഗരവും ഉറക്കമിളയ്ക്കുന്നു. ഉപചാരവും ആഘോഷവും ഒത്തിണങ്ങി വർണാഭമായ പെട്ടിവരുകൾ കാണാൻ സ്ത്രീകളും കുട്ടികളുമടക്കം ആബാലവൃദ്ധം ജനങ്ങൾ രാത്രിയിൽ നഗരത്തിലേക്ക് ഒഴുകിയെത്തുകയാണ്.
നേർച്ചയുടെ പ്രധാന ആകർഷണമായ പെട്ടിവരവുകളെല്ലാം രാത്രിയിലാണ്. ചൊവ്വാഴ്ച രാത്രി മണ്ണാരിൽ പൗരസമിതിയുടെതായിരുന്നു ആദ്യ പെട്ടിവരവ്. പോലീസ് സ്റ്റേഷൻ പരിസരത്തുനിന്ന് പെട്ടിവരവിനെ സ്വീകരിക്കാൻ തങ്ങളുടെ പ്രതിനിധി കുതിരപ്പുറത്തേറി വന്നു. അറബനമുട്ടും കോൽക്കളിയും വനിതകളടങ്ങിയ ശിങ്കാരിമേളവുമെല്ലാമായി ആഘോഷപൂർവമാണ് പെട്ടിവരവ് തുടങ്ങിയത്. പടക്കം പൊട്ടിയതിനെത്തുടർന്ന് കുതിര വിരണ്ടതോടെ തങ്ങളുടെ പ്രതിനിധി നടന്നാണ് കുബ്ബയിലേക്കു മടങ്ങിയത്.
തുറയ്ക്കൽ, കൊട്ടൂക്കര, ചിറയിൽ ചുങ്കം, മുസ്‌ലിയാരങ്ങാടി, മുണ്ടക്കുളം, എട്ടുതറക്കാർ തുടങ്ങി നിരവധി ദേശങ്ങളിൽനിന്ന് പെട്ടിവരവുകളുണ്ടായി. കുബ്ബയിലെത്തി കാഴ്ചദ്രവ്യങ്ങൾ കൈമാറി തക്കിയയിലെത്തി സ്ഥാനീയനെക്കണ്ട് അനുഗ്രഹംതേടിയാണ് പെട്ടിവരവുകാർ മടങ്ങുന്നത്.