വേങ്ങര : പുതുതായി നിർമിച്ചുകൊണ്ടിരിക്കുന്ന കോഴിക്കോട്-തൃശ്ശൂർ ദേശീയപാത കൂരിയാട് തകർന്നടിഞ്ഞതോടെ വഴിചുറ്റി വേങ്ങരയിലെത്താൻ ശ്രമിക്കുന്നവർക്ക് നാടുകാണി-പരപ്പനങ്ങാടി സംസ്ഥാനപാതയിലെ ഈ വെള്ളക്കെട്ടുകൂടി കടന്നുവേണം വേങ്ങരയിലെത്താൻ. വെള്ളം കെട്ടിനിൽക്കുന്ന ഭാഗത്ത് റോഡിൽ വലിയകുഴികളുണ്ടെന്നതാണ് ഇതിന്റെ കാഠിന്യം വർധിപ്പിക്കുന്നത്. മൂന്ന് വർഷത്തിലധികമായി സംസ്ഥാനപാതയിലെ വെള്ളക്കെട്ടൊഴിവാക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് വാഴനട്ടും ബോർഡുകൾ സ്ഥാപിച്ചും പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിട്ട്. എന്നാൽ അധികൃതർ ഇതുവരെ ഇതൊന്നും ചെവിക്കൊണ്ടിട്ടില്ല. ശനിയാഴ്ച വേങ്ങര പത്തുമൂച്ചി പെട്രോൾപമ്പ് പരിസരത്ത് റോഡിൽ വെള്ളംകെട്ടിനിന്നതിനാൽ കച്ചേരിപ്പടി മുതൽ ചേറ്റിപ്പുറംമാട് വരെ വലിയ ഗതാഗതക്കുരുക്കനുഭവപ്പെട്ടു. ഇതിന് ഉടനടി പരിഹാരം വേണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
ഈ വെള്ളക്കെട്ടുകൂടി കടന്നുവേണം വേങ്ങരയിലെത്താൻ
admin