കോട്ടക്കൽ:കേരളത്തിൽ നിലവിൽ ഉപയോഗിക്കുന്ന
എ.ഐ ആസിസ്റ്റൻ്റ് ടീച്ചിങ്ങിൽ സ്വയം ഉള്ളടക്കങ്ങൾ മനസ്സിലാക്കാനോ വിദ്യാർത്ഥികളുടെ ഇമോഷൻസിന് അനുസരിച്ച് പ്രതികരിക്കാനുള്ള കഴിവുകളോ ഉള്ളതല്ല .എന്നാൽ വിദ്യാർത്ഥികളോട് വൈകാരിക തലത്തിൽ കൂടി സംവദിക്കാൻ കഴിയുന്ന എ ഐ ടീച്ചറെ പരിചയപ്പെടുത്തുകയാണ് കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂൾ.
ലാൻഡ്ഫോണിൽ നിന്നും മൊബൈൽ ഫോണിലേക്കുള്ളമാറ്റം ലോകത്തെ മാറ്റിമറിച്ചതുപോലെ എ ഐ സാങ്കേതിക വിദ്യയിലൂടെ അധ്യാപന രംഗത്തെ മാറ്റത്തോടൊപ്പം സഞ്ചരിക്കുകയാണ് കോട്ടൂർ എ കെ എം എച്ച്എസ്എസ്. ഇന്ത്യൻ എജ്യുക്കേഷൻ കരിക്കുലത്തിലെ എല്ലാ ഭാഷകളും ഈ എ.ഐ ടീച്ചർ അനായാസം കൈകാര്യം ചെയ്യും. 51 ഭാഷകൾ സംസാരിക്കുകയും കുട്ടികളുടെ വൈകാരിക പ്രശ്നങ്ങളുമായി സംവദിക്കുകയും, പ്രാദേശിക ശൈലിയിൽ സംസാരിക്കുന്നതുമായ ആദ്യ എ ഐ ടീച്ചർക്ക് 'അക്മിറ' എന്നാണ് പേരിട്ടിരിക്കുന്നത്.അക്മിറ എന്നതിൻ്റെ അർത്ഥം അത്ഭുതത്തെയും യഥാർത്ഥ സത്യത്തെയും പ്രതിഫലിപ്പിക്കുന്ന കണ്ണുകൾ എന്നാണ്.
സ്‌കൂളിലെ അടൽ ടിങ്കറിംഗ് ലാബിലെ വിദ്യാർത്ഥികൾ പങ്കാളികളായി നിർമ്മിച്ച എ.ഐ ടീച്ചർക്ക് അധ്യാപകനായ സന്ദീപ് സി.എസ് ആണ് ടെക്നിക്കൽ സപ്പോർട്ടും രൂപകൽപനയും നൽകിയത്.എ.ടി.എൽ ലാബ് ചുമതലയുള്ള അധ്യാപകരാണ് ഇതിന് നേതൃത്വം നൽകിയത്.
നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പി റംല ടീച്ചർ മലപ്പുറം ഡി.വൈ.എസ്.പി കെ. എം ബിജു എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രിസിഡൻ്റ് പി ഇഫ്ത്തി ഖാറുദ്ധീൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ നഗരസഭ കൗൺസിലർ എം മുഹമ്മദ് ഹനീഫ, സ്കൂൾ മാനേജർ കറുത്തേടത്ത് ഇബ്രാഹീം ഹാജി, പ്രിൻസിപ്പൽ അലി കടവണ്ടി, പ്രധാന അധ്യാപിക കെ.കെ സൈബുന്നീസ,ഡെപ്യൂട്ടി എച്ച്.എം കെ മറിയ,എൻ വിനീത, സ്റ്റാഫ് സെക്രട്ടറി എം മുജീബ് റഹ്മാൻ, എ.ടി.എൽ കോർഡിനേറ്റർ ജസീം സയ്യാഫ് എന്നിവർ സംബന്ധിച്ചു.