കഴിഞ്ഞ സാമ്പത്തികവര്‍ഷം നേടിയ റെക്കോഡ് വില്‍പ്പനയുടെ പിന്‍ബലത്തില്‍ കുടുംബശ്രീയുടെ കേരള ചിക്കന്‍ ഇനി എല്ലാ ജില്ലകളിലേക്കും എത്തുന്നു. സംസ്ഥാനത്ത് കോഴിയിറച്ചിവില നിശ്ചയിക്കുന്നതിനുള്ള നിര്‍ണായകശക്തിയായി കേരള ചിക്കനെ മാറ്റാനുള്ള നടപടികളും ഇതോടൊപ്പം ആരംഭിച്ചിട്ടുണ്ട്.
വര്‍ധിച്ചുവരുന്ന കോഴിയിറച്ചിവില നിയന്ത്രിക്കുക, ഗുണനിലവാരമുള്ള കോഴിയിറച്ചി സംസ്ഥാനത്ത് ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കുടുംബശ്രീസംരംഭകരുടെ പങ്കാളിത്തത്തോടെ കേരള ചിക്കന്‍ പദ്ധതി ആരംഭിച്ചത്. നിലവില്‍, 454 ഫാമുകളും 130 വില്‍പ്പനശാലകളുമുണ്ട്. പ്രതിദിനം 58,000 കിലോ കോഴിയിറച്ചി വിപണനശാലകള്‍വഴി വില്‍ക്കുന്നുണ്ട്.
സംസ്ഥാനത്ത് ഉപയോഗിക്കുന്ന ഇറച്ചിക്കോഴിയുടെ എട്ടുശതമാനം ഉത്പാദിപ്പിക്കുന്നത് ഈ പദ്ധതിവഴിയാണ്. 2024-25 സാമ്പത്തികവര്‍ഷം 105.63 കോടി രൂപയുടെ സര്‍വകാല റെക്കോഡ് വില്‍പ്പന കേരള ചിക്കന്‍ നേടിയിരുന്നു. ആവശ്യക്കാര്‍ ഏറെയുള്ളതിനാല്‍, ഉത്പാദനം വര്‍ധിപ്പിച്ച് കോഴിയിറച്ചിവിപണിയില്‍ 50 ശതമാനവും കൈകാര്യംചെയ്യുന്ന ഏജന്‍സിയായി മാറാനാണ് ശ്രമം.
വിലനിര്‍ണയത്തില്‍ സുപ്രധാനശക്തിയായി മാറാനും കുടുംബശ്രീ ലക്ഷ്യമിടുന്നു. ഇപ്പോള്‍ 11 ജില്ലകളില്‍മാത്രമാണ് കേരള ചിക്കന്റെ വില്‍പ്പനശാലകളുള്ളത്. ഇടുക്കി, വയനാട്, കാസര്‍കോട് ജില്ലകളില്‍ക്കൂടി അടുത്തമാസം ആദ്യംമുതല്‍ പുതിയ ഫാമുകളും വിപണനശാലകളും ആരംഭിക്കും.