കോട്ടയ്ക്കൽ: നൂറുശതമാനം നേടാനായില്ലെങ്കിലും തിളക്കമാർന്ന വിജയം നേടാനായതിന്റെ ആഹ്ലാദത്തിലാണ് എടരിക്കോട് പികെഎംഎംഎച്ച്എസ്എസ്.
സംസ്ഥാനത്ത് ഏറ്റവുംകൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതി തിളക്കമാർന്ന വിജയം നേടാനായി. 2017 പേർ പരീക്ഷയ്ക്കിരുന്നു. ഇതിൽ 2013 പേർ വിജയിച്ചു. 299 പേർ മുഴുവൻ വിഷയങ്ങൾക്ക് എ പ്ലസ് നേടി.
കഴിഞ്ഞ പതിനഞ്ചു വർഷമായി സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയ്ക്കിരുന്ന് മികച്ച വിജയംനേടുന്ന പതിവ് ഇത്തവണയും തുടരാനായതിന്റെ സന്തോഷത്തിലാണ് അധ്യാപകരും മാനേജുമെന്റും.
വിദ്യാർഥികളെ സ്കൂൾ മാനേജ്മെന്റും പിടിഎയും ചേർന്ന് അനുമോദിച്ചു. യോഗം മാനേജർ ബഷീർ എടരിക്കോട് ഉദ്ഘാടനംചെയ്തു.
പ്രിൻസിപ്പൽ കെ. മുഹമ്മദ് ഷാഫി, പ്രഥമാധ്യാപകൻ ഡോ. പ്രമോദ് വാഴങ്കര, പിടിഎ പ്രസിഡന്റ് സുധീഷ് പള്ളിപ്പുറത്ത്, ടി. അബ്ദുൽ മജീദ്, ഡോ. പി.എം. ആശിഷ്, കെ.പി. നാസർ, ഇ.എം. രാജേഷ്, സി. സുനിൽ, കെ.പി. സുജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.